07 January, 2023 12:47:17 PM


വടിവാളും നായയുമായി അക്രമം: ട്രെയിനർമാര്‍ നായയെ മാറ്റി; വീട്ടിൽ കടന്ന് പൊലീസ്



കൊല്ലം : കൊല്ലം ചിതറയിൽ  വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാനൊരുങ്ങി പൊലീസ്. പ്രതി സജീവന്‍റെ വീട്ടിൽ പൊലീസ് സംഘം കടന്നു. നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പൊലീസ് മാറ്റി. ഫയർ ഫോഴ്‌സ് സംഘവും പൊലീസിനൊപ്പമുണ്ട്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത്  കടന്നു. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ പ്രതി നായയും വടിവാളും കൊണ്ട് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്‍റെ വീട്ടിലാണെന്നായിരുന്നു സജീവിന്‍റെ വാദം. തന്‍റെ അച്ഛന്‍റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും വീട്ടിൽനിന്നിറങ്ങണമെന്നും സജീവ് ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്. സമാനരീതിയിൽ മുമ്പും ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനിലേക്ക് എത്തണമെന്ന് സജീവിനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. നേരെ വീട്ടിലേക്ക് പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും നായ്ക്കളെ തുറന്നു വിട്ടതിനാൽ വീടിന് അകത്തു കടക്കാനായില്ല. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്‍റെ വീഴ്ച്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം സജീവ് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K