04 January, 2023 01:30:40 PM
ഗര്‍ഭനിരോധന ഉറകള്‍ യുവാക്കൾക്ക് സൗജന്യമാക്കി ഫ്രാന്‍സ് വാക്ക് പാലിച്ചു
പാരീസ്: ഫ്രാൻസിൽ 26 വയസിന് താഴെയുള്ള എല്ലാവർക്കും സൗജന്യമായി കോണ്ടം വിതരണം ചെയ്തു തുടങ്ങി. ലൈംഗിക രോഗങ്ങൾ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നീക്കം. പുതുവൽസര ദിനത്തിലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പദ്ധതി പ്രഖ്യാപിച്ചത്. 18 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് പ്രായപൂർത്തിയാകാത്തവരിലേക്കും വ്യാപിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ എല്ലാ സ്ത്രീകൾക്കും കുറിപ്പടി ഇല്ലാതെ ഗർഭനിരോധന ഗുളികകൾ ലഭ്യമാക്കുമെന്നും സർക്കാർ വക്താവ് ഒലിവിയർ വെരാൻ ട്വീറ്റ് ചെയ്തു. ഫ്രാൻസിലെ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് 2022 ജനുവരി 1 മുതൽ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായിരുന്നു. പുതിയ മാറ്റം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവർക്കും ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായി ലഭിക്കും.
നേരത്തേ തന്നെ രാജ്യത്തെ, എസ്‌ടിഡി സ്‌ക്രീനിംഗ് സെന്ററുകളിലും ചില സ്‌കൂൾ സെന്ററുകളിലും സൗജന്യ കോണ്ടം ലഭ്യമാണ്. എയ്ഡ്‌സും മറ്റ് ലൈംഗികരോഗങ്ങളും വ്യാപിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയത്. "ഇപ്പോഴും ഈ വിഷയത്തെക്കുറിച്ച് പലർക്കും കാര്യമായി അറിയില്ല. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് നാം എന്താണോ പഠിക്കുന്നത്, അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യാഥാര്‍ത്ഥ്യം. ഇതേക്കുറിച്ച് കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്", എന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
"യുവാക്കൾക്കിടയിൽ ലൈംഗികരോഗങ്ങൾ വർധിച്ചുവരികയാണ്. അതിനാലാണ് ഞങ്ങൾ ഇത്തരമൊരു പ്രതിരോധ വിപ്ലവത്തിന് തുടക്കമിടുന്നത്," എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡിസംബറിൽ പറഞ്ഞിരുന്നു. 2020 ലും 2021 ലും രാജ്യത്ത് ലൈഗികരോഗങ്ങൾ ഏകദേശം 30 ശതമാനത്തോളം വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇത്തരം പ്രതിരോധ നടപടികൾ സ്വീകരിച്ചു തുടങ്ങിയത്.