03 January, 2023 07:25:47 PM


ഒറ്റ ദിവസം അടപ്പിച്ചത് 43 സ്ഥാപനങ്ങൾ; ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന 429 ഇടത്ത്



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് പരിശോധന നടത്തുന്ന ഹോട്ടലുകളിലും മറ്റും കൃത്രിമം കണ്ടെത്തുകയോ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിക്കുകയോ ചെയ്താല്‍ നോട്ടീസ് നല്‍കി ഫൈന്‍ അടപ്പിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷാവകുപ്പും തദ്ദേശസ്ഥാപനങ്ങളും വല്ലപ്പോഴും മാത്രം നടത്തുന്ന പരിശോധനകളെ വ്യാപാരികള്‍ ഭയക്കുന്നുണ്ടായിരുന്നില്ല.


എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ നഴ്സ് മരണമടഞ്ഞതോടെ അധികൃതര്‍ ഉണര്‍ന്നു. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കടയുടെ ലൈസന്‍സ് തന്നെ റദ്ദാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശപ്രാകരം സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K