02 January, 2023 07:32:15 PM
ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം: അഞ്ച് പേര്‍ അറസ്റ്റിൽ
കോട്ടയം: ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ വീടുകയറി ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ കൊണ്ടൂർ ഭാഗത്ത് തട്ടാരിക്കൽ വീട്ടിൽ ബേബി മകൻ അമൽ ബേബി (26), മീനച്ചിൽ പനയ്ക്കപ്പാലം ഭാഗത്ത് പാണ്ടിയാമാക്കൽ വീട്ടിൽ (പാലാ ഇടമറ്റം പാറപ്പള്ളി ഭാഗത്ത് തച്ചുപുരയിടത്തിൽ വാടകയ്ക്ക് താമസം) ഗോപി മകൻ ജ്യോതിഷ് പി. ജി (29), ഇയാളുടെ സഹോദരനായ ജോബിൻ പി.ജി (32), മീനച്ചിൽ കൊണ്ടൂർ ഭാഗത്ത് മൈലംപറമ്പിൽ വീട്ടിൽ മാത്യു മകൻ ജോർജുകുട്ടി മാത്യു (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ ജോലിചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നിന്നും ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിയ വിജയപുരം സ്വദേശിയായ രഞ്ജിത്ത് എന്നയാളെ തവണ കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ബാങ്ക് ജീവനക്കാരനെ വീട്ടുകാർ ആക്രമിച്ചു എന്ന് ജീവനക്കാരന്റെ പരാതിയെ തുടർന്ന് രഞ്ജിത്തിന്റെ സഹോദരനായ അജിത് കെ. ജോസഫിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്തും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.