20 December, 2022 03:13:31 PM
'ബോക്സ് ഓഫ് ലൗ 3.0': തളര്‍ത്തിയ ശരീരത്തിലെ തളരാത്ത മനസുമായി 'മൈന്‍ഡ്' പ്രവര്‍ത്തകര്‍
കോട്ടയം: രോഗം തളര്‍ത്തിയ ശരീരത്തിലെ തളരാത്ത മനസുമായി സഹജീവികള്‍ക്ക് കരുതലൊരുക്കാന്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു കേക്ക് ചലഞ്ചുമായി. കേരളത്തിലെ മസ്കുലര്‍ ഡിസ്ട്രോഫി, സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്നീ രോഗങ്ങള്‍ ബാധിച്ചവരുടെ കൂട്ടായ്മയാണ് 'ബോക്സ് ഓഫ് ലൗ 3.0' എന്ന പേരില്‍ രണ്ടാം വര്‍ഷവും കേക്ക് ചലഞ്ചുമായി രംഗത്തെത്തിയത്.
രോഗബാധിതരായ വ്യക്തികളുടെ സാമൂഹിക, മാനസിക ഉന്നമനവും വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യം വെച്ച് 2017 മെയ് ഒന്നിന് രൂപീകൃതമായ സംഘടനയാണ് 'മൊബിലിറ്റി ഇൻ ഡിസ്ട്രോഫി' അഥവാ മൈൻഡ് ട്രസ്റ്റ്. സ്പൈനൽ മസ്കുലർ അട്രോഫി, മസ്കുലർ ഡിസ്ട്രോഫി രോഗബാധിതരാൽ തന്നെ പ്രവർത്തിച്ചു വരുന്ന മൈൻഡിൽ ഏകദേശം 550ഓളം വ്യക്തികളാണ് നിലവിൽ സംഘടനയിൽ അംഗങ്ങളായി ഉള്ളത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് മൈൻഡ് ട്രസ്റ്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളും. ഇത്തരം രോഗികളുടെ വിവിധ ക്ഷേമ പ്രവർത്തികൾ ലക്ഷ്യം വെച്ച് 17 ഓളം പ്രൊജക്ടുകളാണ് നിലവിൽ മൈൻഡ് ചെയ്യുന്നത്. അതിൽ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ അടിയന്തിര ചികിത്സാ സഹായമായി ചെറിയ തുക നൽകുന്നതു മുതൽ ഇലക്ട്രോണിക്ക് വീൽചെയർ, പഠന സഹായികൾ, ഭവന നിർമ്മാണ സഹായം, റാംബ് നിർമ്മാണം തുടങ്ങി പുനരധിവാസം എന്ന വലിയൊരു സ്വപ്നം പോലും യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇവർ.
സഹൃദയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് തുല്യദു:ഖിതരായ സഹജീവികൾക്കായി ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. ട്രസ്റ്റിന്റെ ഇത്തരം വിവിധങ്ങളായ പ്രൊജക്റ്റുകൾക്ക് വേണ്ടി പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഒരു കേക്ക് ചലഞ്ച് 'ബോക്സ് ഓഫ് ലൗ 3.0' എന്ന പേരിൽ നടത്തുന്നതെന്ന് സംഘടനയുടെ സജീവ പ്രവർത്തകയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ക്രസ്തുമസിന് ഈ പരിപാടി നടത്തിയിരുന്നു.
1കിലോ ഗ്രാം പ്ലം കേക്ക് 350 രൂപ നിരക്കിലാണ് നല്കുന്നത്. തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനമാണ് ഇവർക്കായി കേക്ക് നിർമിച്ചു നൽകുന്നത്. ദിവ്യയുടെ ശ്രമഫലമായി ബുധനാഴ്ച നൂറിലധികം ആളുകൾ കോട്ടയത്ത് 'ബോക്സ് ഓഫ് ലവ്' പദ്ധതിയിൽ പങ്കാളികളായി കേക്ക് കൈപ്പറ്റും. 2020-2021 ലെ ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന മികച്ച സംഘടനയെന്ന കേരള സർക്കാരിന്‍റെ പുരസ്കാരം മൈൻഡിന് ലഭിച്ചിരുന്നു. എമി സെബാസ്റ്റ്യന്‍ ആണ് മൈന്‍ഡ് ട്രസ്റ്റിന്‍റെ കണ്‍വീനര്‍. കോട്ടയം മാന്നാനം സ്വദേശി എ.ജെ.ജോണാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
2011ലെ കണക്കനുസരിച്ച് കേരളത്തില്‍ മൂവായിരത്തിലധികം രോഗികള്‍ ഉണ്ടായിരുന്നു. ഒമ്പത് തരത്തിലാണ് മസ്കുലർ ഡിസ്ട്രോഫി പിടിപെടുന്നത്. അതേസമയം സ്പൈനൽ മസ്കുലർ അട്രോഫി അഞ്ച് തരത്തിലുമുണ്ട്. ഇതുവരെ കൃത്യമായ മരുന്ന് കണ്ടുപിടിക്കപ്പെടാത്തതിനാല്‍ അസുഖത്തിന്‍റെ കാഠിന്യം ദിനംപ്രതി വര്‍ധിക്കുകയാണ് ചെയ്യുക. കോട്ടയം ജില്ലയില്‍ ഇവരുടെ കൂട്ടായ്മയില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ഓഫീസില്‍ എത്തി ജോലി ചെയ്യുവാന്‍ ഇവര്‍ ഏറെ കഷ്ടപ്പെടുകയാണ്. പിഡബ്ല്യുഡി ഉദ്യോഗസ്ഥയായ ദിവ്യ ടി.ബി.റോഡിലെ തന്‍റെ ഓഫീസിലെത്തി ജോലി ചെയ്യുന്നത് വീല്‍ ചെയറിലാണ്. സ്വകാര്യകമ്പനികളുടെ ടെലികോളര്‍ തുടങ്ങിയ തസ്തികകളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഏറെയുണ്ട്.
മൈന്‍ഡ് ട്രസ്റ്റിലൂടെ നിര്‍ദനരായ രോഗികള്‍ക്ക് സഹായം എത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9539744797 എന്ന നമ്പരില്‍ ബന്ധപ്പെടാം.