16 December, 2022 03:52:02 PM


കേരളത്തിലേക്കുള്ള 'ആനത്താരി' തെളിയുന്നു; എഴുന്നള്ളിപ്പുകളിലെ പ്രതിസന്ധി നീങ്ങിയേക്കും



കൊച്ചി: ആനകളെ കിട്ടാനില്ലാതെ എഴുന്നള്ളിപ്പ് പ്രതിസന്ധിയിലായിരിക്കെ ക്ഷോത്രോത്സവകമ്മറ്റിക്കാര്‍ക്കും മറ്റും ആശ്വാസമേകി കേന്ദ്ര സര്‍ക്കാര്‍ നീക്കം. 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നതോടെ ഇനി  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരിക എന്നത് സുഗമമാകും.  ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നിലവിലുള്ള വിലക്ക് ഇതോടെ നീങ്ങും. ഭേദഗതിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഒപ്പിടുമെന്നാണ് അറിയുന്നത്.


കഴിഞ്ഞ 20 വർഷത്തിലേറെയായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ നിയമതടസമുണ്ടായിരുന്നു. മദപ്പാടും രോഗങ്ങളും കാരണം കേരളത്തിലെ നാട്ടാനകളിൽ നല്ലൊരു ശതമാനം പോലും എഴുന്നള്ളിപ്പുകൾക്ക് ഉണ്ടാകാറില്ല. കൊവിഡ് കാലത്ത് മതിയായ വ്യായാമമില്ലാതായതും ആനകളുടെ രോഗങ്ങൾക്ക് കാരണമായി. പത്തു വര്‍ഷത്തിനിടെ കേരളത്തിൽ നൂറോളം ആനകൾ ചരിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്.


ഉത്സവങ്ങളില്‍ ആനകളെ അണിനിരത്തുന്നത് ചെറിയ ക്ഷേത്രങ്ങള്‍ക്ക് ഇപ്പോള്‍ വലിയ സാമ്പത്തികബാധ്യതയാണ് വരുത്തിവെക്കുന്നത്. ആനകളെ കിട്ടാതായതോടെ നിലവിലുള്ള ആനകളുടെ ഏക്കം (ആനയുടെ വാടക) ഭീമമായി വര്‍ധിച്ചതാണ് കാരണം. തലയെടുപ്പും പേരും പെരുമയുമനുസരിച്ചു ആനകൾക്ക് 50000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് ഒറ്റ എഴുന്നള്ളിപ്പിന് ഏക്കം നിശ്ചയിച്ചിരുന്നത്. ആനകളെ കിട്ടാനില്ലാത്തതിനാൽ ഉത്സവനടത്തിപ്പുകാർക്ക് പറയുന്ന പണം നൽകേണ്ടിവരുന്നു.


ബീഹാർ, ആസാം, അരുണാചൽപ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആനകളെ കൊണ്ടുവന്നിരുന്നത്. ഇനി നിയമസാധുത ഉണ്ടായാലും ഇതേ സംസ്ഥാനങ്ങളിൽ നിന്നാകും ആനകളെ കൊണ്ടുവരിക. വ്യവസ്ഥകൾ അനുസരിച്ച്, ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേടുകയും ഇരുസംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരിൽ നിന്ന് സമ്മതം വാങ്ങുകയും വേണം. 


കേരളത്തിലെ നാട്ടാനകളുടെ നിലവിലെ എണ്ണം 445 ആണ്. ഇവയില്‍ എഴുന്നള്ളിക്കാൻ ലഭിക്കുന്നതാകട്ടെ പരമാവധി 250 ആനകളെയും.  10നും 20നും ഇടയില്‍ ആനകള്‍ പ്രതിവർഷം ചരിയുന്നു എന്നതും ഉത്സവങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കേരളത്തിൽ നിരവധി വ്യക്തികളും ദേവസ്വങ്ങളും ട്രസ്റ്റുകളും ആനയെ വാങ്ങാൻ തയ്യാറായി നിൽക്കുന്നുണ്ട്. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇവരില്‍ പലരും പുതിയ ആനയെ വാങ്ങും. അതോടെ ഉത്സവഎഴുന്നള്ളിപ്പുകളില്‍ ആനകളുടെ ദൌര്‍ബല്യം കുറയുമെന്നാണ് പ്രതീക്ഷ. 


ആനകളെ കിട്ടാനില്ലാത്തതുംമൂലം നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടികാണിച്ച് എറണാകുളം ജില്ലാ ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാനുള്ള വിലക്ക് നീക്കികൊണ്ടുള്ള നിയമഭേദഗതി കേരളത്തിലെ ഉത്സവ നടത്തിപ്പുകാർക്കും ആനഉത്സവപ്രേമികൾക്കുമെല്ലാം ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് ജില്ലാ ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്‌ ധനജ്ഞയൻ ഭട്ടതിരിപ്പാട്, സെക്രട്ടറി സജീഷ് കെ.ആര്‍., ഭാരവാഹികളായ അനന്തപദ്മനാഭന്‍ നായരമ്പലം, രതീഷ് കടുങ്ങല്ലൂർ, കൃഷ്ണരാജ് ദേശം, ഗോവിന്ദൻ കല്ലേലി, അഭിനന്ദ് കുമ്പളം, കിഷോർ നോർത്ത് പറവൂർ, രാകേഷ് ഷേണായ് കൊച്ചി, ജയരാജ്‌ നെട്ടൂർ, രഞ്ജിത് മേനോൻ കലൂർ, മഹേഷ്‌ പള്ളുരുത്തി, അരുൺ കൂത്താട്ടുകുളം, ഹരീഷ്  ആർ നമ്പൂതിരിപ്പാട് എന്നിവര്‍ പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K