13 December, 2022 09:01:29 PM
കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കൂവപ്പള്ളി ചേനപ്പാടി ഇടക്കാവ് ഭാഗത്ത് തടങ്ങഴിക്കൽ വീട്ടിൽ സുനിൽകുമാർ മകൻ അജിത് കുമാർ (30) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് പുലർച്ചയോടു കൂടി വിഴിക്കത്തോട് കല്ലറക്കാവ് ഭാഗത്തുള്ള ഷാജി വർക്കി എന്നയാളുടെ ബൈക്ക് മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
ഷാജി വാഹനം മോഷണം പോയ വിവരം പോലീസിൽ അറിയിക്കുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്ത് എത്തി ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു. പോലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ അരുൺ തോമസ്, പ്രദീപ് പി.എൻ,സി.പി.ഓ വിമൽ ബി.നായർഎന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.