10 December, 2022 02:51:00 PM


റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍



കൊച്ചി: റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റേഞ്ച് എക്‌സൈസ് സിവില്‍ ഓഫീസര്‍ വടക്കന്‍ പറവൂര്‍ സ്വദേശി എംജെ അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് അനീഷിനെതിരെയുള്ള പരാതി. 66 പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ അനീഷ് തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്നു. പണം നഷ്ടമായ 38 പേര്‍ അനീഷിനെതിരെ എറണാകുളം പറവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

റഷ്യയിലുള്ള ഇമ്മാനുവല്‍ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. ഇത് പ്രകാരം അനീഷിനെ സമീപിച്ചവരോട് റഷ്യയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ വാങ്ങിയെടുത്തു.

ഇത്രയും വലിയ തുക നല്‍കുമ്പോള്‍ രേഖ വേണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ തനിക്ക് കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. എക്‌സൈസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ കാണിക്കുകയും ഇമ്മാനുവല്‍ റഷ്യയില്‍ നിന്നും വീഡിയോ കോളില്‍ ബന്ധപ്പെടുകയും ചെയ്തപ്പോള്‍ ഇവര്‍ വിശ്വസിക്കുകയായിരുന്നു. പണം നഷ്ടമായവര്‍ അനീഷിന്‍റെ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും പരാതി ഉയര്‍ന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K