09 December, 2022 01:17:12 PM
ബുർഖ ധരിച്ച് കോളേജില്‍ ഡാൻസ്; കർണാടകയിൽ 4 വിദ്യാർഥികള്‍ സസ്പെൻഷനില്‍
ബംഗളൂരു: കോളേജിലെ പരിപാടിക്കിടെ ബുർഖ ധരിച്ച് ഡാൻസ് കളിച്ച നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. മംഗളൂരു സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. കോളേജിലെ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രോഗ്രാമിനിടെയായിരുന്നുു വിദ്യാർഥികളുടെ ഡാൻസ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് അന്വേഷണം നടത്തി നാലു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളിൽ നാല് വിദ്യാർത്ഥികൾ പ്രശസ്തമായ ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്നതും കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവർത്തനങ്ങൾക്കും കോളേജ് പിന്തുണ നൽകില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. സ്റ്റുഡന്റ്സ് അസോസിയേഷൻ ഉദ്ഘാടന പരിപാടിയിൽ ഇടിച്ചു കയറിയാണ് ഈ നാലു വിദ്യാർത്ഥികൾ ഡാൻസ് ചെയ്തതെന്ന് കോളേജ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.