02 December, 2022 08:03:58 PM


ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്



കൊച്ചി: ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ച്‌ കെട്ടിടം പണിതെന്നാണ് കേസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കായല്‍തീരത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റി തീരസംരക്ഷണ ചട്ടം ലംഘിച്ച്‌ വീട് നിര്‍മിച്ചു എന്നാണ് പരാതി. ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടെ നിയമോപദേശം ഉണ്ടായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍.എസ്.ജി.ഡി ട്രിബ്യൂണല്‍ ഈ കേസ് പരിഗണിച്ചാല്‍ മതിയെന്നായിരുന്നു നിയമോപദേശം. ഈ നിയമോപദേശം ഉള്‍പ്പെടെ ചോദ്യം ചെയ്താണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഇതിലാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ്.

കെട്ടിട നിര്‍മാണ കരാറുകാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമെതിരെ ഉള്‍പ്പെടെ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കേസില്‍ എം.ജി ശ്രീകുമാറിന് ഇളവ് നല്‍കിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. അത് മരട് കേസിലുള്‍പ്പെടെ നിയമപ്രശ്‌നമായി പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൂടി കണക്കിലെടുത്താണ് മൂവാറ്റുപുഴ കോടതിയുടെ നിര്‍ണായക ഉത്തരവ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K