26 November, 2022 03:22:26 PM
ഇടുക്കിയിൽ വീട്ടമ്മയുടെ കൊലപാതകം: അയൽവാസിയായ പൊതുപ്രവർത്തകൻ അറസ്റ്റിൽ
ഇടുക്കി: നാരകക്കാനം ചിന്നമ്മ ആന്റണി വധകേസിലെ പ്രതി പിടിയിലായി. അയൽവാസി നാരകക്കാനം വെട്ടിയാങ്കൽ സജി എന്ന് വിളിക്കുന്ന തോമസ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ കേരള തമിഴ്നാട് അതിർത്തിയിൽ കമ്പത്ത് സമീപത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. വെട്ടി പരിക്കേൽപ്പിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് കത്തിക്കുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കട്ടപ്പന ഡി.വൈ.എസ്.പി. വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ചിന്നമ്മയെ ജീവനോടെ തീകൊളുത്തിയെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. തലയ്ക്ക് ശക്തമായ അടിയേറ്റതിനെ തുടർന്ന് ബോധരഹിതയായ ചിന്നമ്മയെ തീകൊളുത്തിയതാകാമെന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായത്. ഗ്യാസ് സിലിണ്ടറിലെ തീ പടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ വീട്ടിനുള്ളിൽ നിന്നും രക്തക്കറ കണ്ടെത്തിയതോടെ കൊലപാതക സാധ്യത പൊലീസ് സംശയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.
നവംബർ 23 നാണ് നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി (64 ) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് കൊച്ചുമകൾ സ്കൂളിൽ നിന്നു വന്നപ്പോഴാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതാണെന്നായിരുന്നു പ്രാഥമിക നിഗമനം.മരണ സമയത്ത് മകനും ഭാര്യയും രണ്ടു കിലോമീറ്റർ അകലെ അവർ നടത്തുന്ന കടയിലായിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.