26 November, 2022 02:36:20 PM
വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കാൻ ശ്രമം: പ്രതിഷേധം; സംഘർഷം, കല്ലേറ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിതെതിരെ ഇന്നും പ്രതിഷേധം. മുടങ്ങിക്കിടന്ന തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്. നിര്‍മാണത്തിനു കല്ലുകളായി എത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം സത്യവാങ് മൂലം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പ്രതിഷേധക്കാർ സമരപന്തലില്‍നിന്ന് ഇറങ്ങിവന്ന് ലോറികള്‍ തടഞ്ഞത്. വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്.
തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരക്കാര്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടില്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് നീക്കി. പ്രതിഷേധത്തെത്തുടർന്ന് ലോഡുമായി എത്തിയ ലോറികൾ തിരിച്ചയച്ചു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.