21 November, 2022 12:32:11 PM
പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുർവേദ സുഖചികിത്സ; ജയിൽ സൂപ്രണ്ടിന് നോട്ടീസ്
കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിക്ക് കണ്ണൂരിൽ ആയുർവേദ സുഖചികിത്സ. സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗവും കേസിൽ ഒന്നാംപ്രതിയുമായ എ. പീതാംബരനാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ ചികിത്സ ഒരുക്കിയിരിക്കുന്നത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സിബിഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ നൽകുന്നത്. പരിശോധനയ്ക്ക് എത്തിയ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചാണ് ചികിത്സ ലഭ്യമാക്കിയത് എന്നാണ് കണ്ണൂർ സെന്‍ട്രൽ ജയിൽ അധികൃതരുടെ വിശദീകരണം.
ചികിത്സയെ സംബന്ധിച്ച് എറണാകുളം സി.ബി.ഐ. കോടതി വിശദീകരണം തേടി. നാളെ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ജയിൽ സൂപ്രണ്ടിന് എറണാകുളം സി.ബി.ഐ. കോടതി നിർദ്ദേശം നൽകി. പുറം വേദനയെ തുടർന്നാണ് പ്രതി ചികിത്സ ആവശ്യപ്പെട്ടതെന്നാണ് ജയിൽ അധികൃതരുടെ നിലപാട്. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് പീതാംബരൻ 40 ദിവസത്തെ ചികിത്സയിൽ തുടരുന്നത്. ജയിലിൽ തടവുകാരെ പരിശോധിക്കുന്ന ഡോക്ടർ അമർനാഥനോടാണ് പീതാംബരൻ പുറം വേദന ഉണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 19 നാണ് ജയിലിൽ എത്തി ഡോക്ടർ പീതാംബരനെ പരിശോധിച്ചത്.
കണ്ണൂർ സെൻട്രൽ ജയിലിൽ പീതാംബരനെ പരിശോധിച്ച ഡോക്ടർ പ്രതിക്ക് വിദഗ്ധ ചികിത്സ വേണമെന്നാണ് നിർദ്ദേശിച്ചത്. ഇതെ തുടർന്നാണ് ഒക്ടോബർ 24-ാം തീയതി കണ്ണൂരിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പീതാംബരനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ച സാഹചര്യത്തിൽ അത് നൽകുകയല്ലാതെ മറ്റൊരു പോംവഴിയും തങ്ങൾക്ക് മുന്നിൽ ഇല്ല എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. സിപിഎം പ്രവർത്തകരായ പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് സർക്കാർ ഒത്താശ ചെയ്തുകൊടുക്കുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതും വിവാദമായിരുന്നു.