18 November, 2022 11:05:45 PM
ആക്രിയുടെ മറവിൽ 12 കോടി രൂപ നികുതി വെട്ടിപ്പ് : പ്രതികളെ കോട്ടയത്ത് ചോദ്യം ചെയ്യുന്നു
കോട്ടയം: ആക്രിയുടെ മറവിൽ 12 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോട്ടയത്തെത്തിച്ച് ചോദ്യം ചെയ്തു വരുന്നു. പെരുമ്പാവൂർ സ്വദേശികളായ പുലവത്ത് അസർ അലി, മാടവന റിൻഷാദ് എന്നിവരാണ് ജിഎസ്ടി വകുപ്പ് കോട്ടയം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ പിടിയിലായത്. 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി 12 കോടിയുടെ നികുതി വെട്ടിച്ചതായാണ് കേസ്.
ഇല്ലാത്ത ചരക്ക് നീക്കത്തിന്റെ പേരിൽ പെരുമ്പാവൂരിലെ വിവിധ കച്ചവട സ്ഥാപനങ്ങൾക്കാണ് അസർ അലിയും റിൻഷാദും ചേർന്ന് വ്യാജ ബില്ലുകൾ തയാറാക്കിയത്. കോടികളുടെ തട്ടിപ്പിനെ കുറിച്ച് ഈ വർഷം ആദ്യം തന്നെ ജിഎസ്ടി വകുപ്പിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിലൂടെ ഇത് സ്ഥിരീകരിച്ച ഉദ്യേഗസ്ഥർ ജൂണിൽ ഇവരുടെ വീടുകളിലും പെരുമ്പാവൂരിലെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. അന്ന് മുതൽ ഒളിവിലായിരുന്ന അസർ അലിയും റിൻഷാദും ഒരാഴ്ച മുൻപ് ഇടപ്പള്ളിയിലെത്തിയപ്പോളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സംസ്ഥാന വ്യാപകമായി നികുതിവെട്ടിപ്പിന് രൂപീകരിച്ച ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരും. എസ് ജി എസ് ടി നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി 14 ദിവസത്തേന് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇന്നലെ കോട്ടയത്ത് എത്തിക്കുകയായിരുന്നു. കേസിൽ 2 കോടി രൂപ നാളിതുവരെ നികുതി പിരിഞ്ഞു കിട്ടിയിട്ടുണ്ടെന്ന്
ഇൻവെസ്റ്റിഗേഷൻ ടീം പറഞ്ഞു. ഇവരെ കൂടാതെ ഒരു വൻ റാക്കറ്റ് തന്നെ നികുതി വെട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
അരവിന്ദ് സി ജി, വിനോദ് ടി ജെ, രെഹന കെ മജീദ്, സിന്ധു R നായർ, അഭിലാഷ് ടി എസ്, മഹേഷ്കുമാർ എസ്, അനീഷ് കെ, ശ്രീജ പി ജി, ബൈജു ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്.