16 November, 2022 01:43:35 PM


നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ



കൊച്ചി: കൊച്ചിയിലെ പരിപാടിയിൽ നിന്ന് പിൻമാറിയ സംഭവത്തില്‍ നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്‍റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി.

പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലെടുത്ത വ‌ഞ്ചനാ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, മാനേജർ സുനിൽ അടക്കം മൂന്ന് പേർ ഹൈക്കോടതിയെ സമീപിച്ചത്. കരാർ പ്രകാരം വാഗ്ദാനം ചെയ്ത തുക കൃത്യസമയത്ത് നൽകാതെ പരാതിക്കാരനാണ് തങ്ങളെ വ‌ഞ്ചിച്ചത്. ഇക്കാരണത്താലാണ് കൊച്ചിയിലെ പരിപാടിയിൽ നിന്ന് പിൻമാറാൻ നിർബന്ധിതയായത്. സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ താൻ അടക്കമുള്ള അംഗങ്ങൾ കൊച്ചിയിലെത്തിയിരുന്നതായും  ഹർജിക്കാരി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

2020 മെയ് 12 ന്  ഫോണിൽ വിളിച്ച് നഷ്ടപരിഹാരമായി കോടികൾ നൽകിയില്ലെങ്കിൽ കേസ് നൽകുമെന്ന ഭീഷണിപ്പെടുത്തിയതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന് വഴങ്ങാതെ വന്നപ്പോഴാണ് വ്യാജ പരാതി നൽകിയത്. കരാർ ലംഘനത്തിന് വഞ്ചനാ കേസ് നിലനിൽക്കില്ലെന്നും പരാതിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഹർ‍ജിയിൽ പറയുന്നു. ഈ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എല്ലാ തുടർനടപടികളും രണ്ടാഴ്ചത്തേക്ക് തടഞ്ഞത്.

കേസിൽ എതിർ കക്ഷിയായ സർക്കാർ, എറണാകുളം ക്രൈംബ്രാ‌ഞ്ച്, പരാതിക്കാരൻ ഷിയാസ് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു. 2019 ഓഗസ്റ്റ് 2 നാണ് എറണാകുളം ക്രൈംബ്രാ‌ഞ്ച്  സണ്ണി ലിയോണിയും ഭർത്താവുമടക്കം മൂന്ന് പേർക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുത്ത് പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K