13 November, 2022 06:06:19 PM


കൂട്ടബലാത്സംഗക്കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ



കൊച്ചി: പീഡനക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവാണ് അറസ്റ്റിലിയത്. തൃക്കാക്കര പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ സുനുവിനെ സ്റ്റേഷനിലെത്തിയ തൃക്കാക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎ‍സ്പിയെ വിവരം അറിയിച്ചിരുന്നു. അറസ്റ്റിലായ എസ്എച്ച്ഒയുമായി അന്വേഷണ സംഘം തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്. കേസിൽ വേറെയും പ്രതികൾ ഉൾപ്പെട്ടതായാണ് പൊലീസ് കരുതുന്നത്. യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. 

തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എസ്എച്ച്ഒ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ മൊഴി നൽകിയിട്ടുണ്ട്. സിഐക്ക് പുറമേ വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. 

കൊച്ചി മരട് സ്വദേശിയായ പി.ആർ.സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവേ ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ കേസിൽ ഇയാൾ റിമാൻഡിൽ ആയിട്ടുണ്ട്. തുടർന്നാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K