30 October, 2022 08:57:44 PM


അടഞ്ഞു കിടന്ന വീട്ടില്‍ ഓട് പൊളിച്ച് കയറി മോഷണം: മൂന്നുപേർ അറസ്റ്റിൽ



കോട്ടയം: അടഞ്ഞു കിടന്ന വീട്ടില്‍ ഓട് പൊളിച്ച് കയറി മോഷണം നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാം മൈൽ പാണംപറമ്പിൽ വീട്ടിൽ  തോമസ് മകൻ അലൻ തോമസ്  (21), പൂഞ്ഞാർ പനച്ചിപ്പാറ തെക്കേടത്ത് വീട്ടിൽ ജോർജ് മകൻ അമൽ ജോർജ് (20), കൊണ്ടൂർ പാതാഴ കോളനി കല്ലാറ്റുപറമ്പിൽ വീട്ടിൽ റോയി മകൻ റോബിൻ ജോസഫ് (21) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.  ഇവർ പെരുനിലം കണ്ണാണിക്കയറ്റം ഭാഗത്ത് പി.റ്റി തോമസ് എന്നയാളുടെ വീട്ടിലാണ് ഓട് പൊളിച്ചു കയറി മോഷണം നടത്തിയത്.

തോമസ് വിദേശത്ത് ആയിരുന്നതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്നും നിലവിളക്ക്, ഓട്ടുപാത്രങ്ങൾ, ചെമ്പ് പാത്രങ്ങൾ, മുതലായവ പ്രതികള്‍ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പ്രതിയായ അലൻ തോമസിനെ കഴിഞ്ഞദിവസം ബൈക്ക് മോഷണ കേസിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇവർ വീട് കയറി മോഷ്ടിച്ച വിവരം പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അമൽ ജോർജിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K