16 October, 2022 10:12:12 PM
സ്കൂൾ ബസിലെ സീറ്റിനടിയിൽ 80 കിലോ തൂക്കമുള്ള ഭീമൻ പെരുമ്പാമ്പ്
റായ്ബറേലി: സ്കൂൾ ബസിനുള്ളിൽ കണ്ടെത്തിയത് ഭീമൻ പെരുമ്പാമ്പിനെ. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഇന്നാണ് നിർത്തിയിട്ടിരുന്ന സ്കൂളിൽ ബസ്സിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുത്തത്. റായ് ബറേലിയിലെ റയാൻ പബ്ലിക് സ്കൂളിന്റെ ബസ്സിലാണ് പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികളാരും ബസ്സിൽ ഉണ്ടായിരുന്നില്ല. ബസ് ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നാകാം പെരുമ്പാമ്പ് ബസ്സിൽ കയറിയതെന്നാണ് കരുതുന്നത്.
ബസ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയ ഉടനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും മജിസ്ട്രേറ്റ് അടക്കമുള്ളവരും സ്ഥലത്തെത്തി. ഇവരുടെ സാന്നിധ്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി പുറത്തെടുത്തു. ബസ്സിനുള്ളിൽ നിന്ന് കൂറ്റൻ പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ബസ്സിലെ തറയിൽ നിന്നും ബസ്സിനുള്ളിലേക്ക് കടന്ന നിലയിലായിരുന്നു പെരുമ്പാമ്പ്. ഇവിടെ നിന്നും വലിയ കയറുകെട്ടി വലിച്ചാണ് ഉദ്യോഗസ്ഥർ പാമ്പിനെ പുറത്തെടുത്തത്.
പിടികൂടിയ പെരുമ്പാമ്പിനെ ദാൽമൂ കാട്ടിലേക്ക് തുറന്നുവിട്ടു. 80 കിലോഗ്രാം ഭാരവും പതിനൊന്നര അടി നീളവുമുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ആടുകൾ ധാരാളമായി എത്തിയിരുന്ന സ്ഥലത്താണ് ബസ്സ് പാർക്ക് ചെയ്തിരുന്നത്. ഇരപിടിക്കാനായാണ് പാമ്പ് ഇവിടെ എത്തിയതെന്നാണ് കരുതുന്നത്.