16 October, 2022 07:32:23 PM


മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ കേസിൽ രണ്ടുപേര്‍ കറുകച്ചാലില്‍ അറസ്റ്റിൽ



കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽരണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം പാറയ്ക്കൽ  ഭാഗത്ത് അണിയറ വീട്ടിൽ ഗീതമ്മ  മകൻ അപ്പുമോൻ എം.സി (27), പാലക്കാട് കണ്ണംപ്ര ഭാഗത്ത് മട്ടുവഴി പറക്കുന്നിൽ വീട്ടിൽ അക്തർ അലി മകൻ അബ്ദുൾ സലാം (29) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഫെബ്രുവരി മാസം മുതൽ 3  തവണകളിലായി നെടുംകുന്നം പത്തനാട് ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച്  1,84,800/-  രൂപ തട്ടിയെടുക്കുകയായിരുന്നു. അടുത്തടുത്ത കാലയളവിലായി സ്വർണം പണയം വച്ചത് മൂലം സ്ഥാപനത്തിലെ മാനേജർക്ക് സംശയം തോന്നുകയും  സ്വർണ്ണം വിശദമായി പരിശോധിച്ചതിൽ നിന്നും ഇത് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് മാനേജർ കറുകച്ചാൽ സ്റ്റേഷനിൽ പരാതി നൽകുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  പ്രതികളെ തൃശ്ശൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.

പ്രതികൾക്ക് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ഋഷികേശൻ  നായർ, എസ്. ഐ  അനിൽകുമാർ, എസ്.ഐ റെജി ജോൺ, സി.പി.ഓ മാരായ സുരേഷ് കെ. ആർ, വിവേക് ചന്ദ്രൻ, വിപിൻ ബാലകൃഷ്ണൻ, അൻവർ കരീം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K