13 October, 2022 06:11:05 PM
കുപ്രസിദ്ധ ഗുണ്ടയായ കോതനല്ലൂർ സ്വദേശിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി
കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും വധശ്രമം, ഭവനഭേദനം നടത്തി വസ്തുവകകൾ തീവെച്ച് നശിപ്പിക്കുക, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ വൈക്കം കോതനല്ലൂർ ചാമക്കാലാ കരയില്‍ ഇടച്ചാലിൽ വീട്ടിൽ പൈലി മകന്‍ പക്കി സജി എന്നു വിളിക്കുന്ന സജി പൈലി (40) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം തടങ്കലില്‍ അടച്ചത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കവർച്ച, ഭവനഭേദനം നടത്തി വസ്തുവകകൾ തീവെച്ച് നശിപ്പിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് .
ഇയാള്‍ മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണം നടത്തി വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയിട്ടുള്ളത്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത് . തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.