03 October, 2022 07:25:48 PM
അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റിൽ
പാലാ: അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ജൽപായ്ഗുഡി സ്വദേശിയായ പ്രദീപ് ബർമ്മൻ (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗാൾ സ്വദേശിയും തന്റെ സുഹൃത്തുമായ അഭയ് മാലിക്കിനെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. അതിഥി തൊഴിലാളികളായ പ്രതി ഉൾപ്പെടുന്ന മൂന്നു പേർ പാലാ കടപ്പാട്ടൂർ അമ്പലം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഇവർ കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുകയും, തുടര്‍ന്ന് പരസ്പരം വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷം ഉറങ്ങാൻ കിടക്കുകയും പിറ്റേന്ന് വെളുപ്പിന് പ്രദീപ് ബർമ്മൻ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാടുവിടുകയായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തു.
അന്വേഷണസംഘം കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളും, അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ചും, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് നിരവധി സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാള്‍ തിരുവനന്തപുരം ചെന്നൈ മെയിലിൽ എറണാകുളത്തുനിന്നും കയറി എന്ന് മനസ്സിലാക്കുകയും ,തുടർന്ന് അന്വേഷണസംഘം പാലക്കാട് എത്തി പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭയ് മാലികിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ,എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ജോഷി മാത്യു, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.