16 September, 2022 08:17:42 PM
ബസിന്‍റെ ബെല്ലടിച്ചതിനെ ചൊല്ലി തര്‍ക്കം: കണ്ടക്ടര്‍ക്ക് കുത്തേറ്റു; പ്രതികള്‍ അറസ്റ്റില്‍

കോട്ടയം: പ്രൈവറ്റ് ബസ് കണ്ടക്ടറെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പെരുമ്പായിക്കാട്ട്ശേരി കരയിൽ പരീയത്ത്ശ്ശേരി വീട്ടിൽ മാത്യു മകൻ ഡോൺ മാത്യു (24), പെരുമ്പായിക്കാട് നട്ടാശ്ശേരി ചവിട്ടുവരി ഭാഗത്ത് തൈത്തറയിൽ വീട്ടിൽ തങ്കച്ചൻ മകൻ ജസ്ലിൻ (20) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഈ കേസിലെ ഒന്നാം പ്രതിയായ സംക്രാന്തി പെരുമ്പായിക്കാട് കണ്ണച്ചാൽ വീട്ടിൽ ബേബി മകൻ ബിന്‍റോ ബേബി (22) എന്നയാളെ കോട്ടയത്തുള്ള ബാറിലെ മാനേജരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇവർ കഴിഞ്ഞ ദിവസം സംക്രാന്തി നീലിമംഗലം ഭാഗത്ത് വച്ച് സ്വകാര്യ ബസ് കണ്ടക്ടർ ആയ കുര്യൻ തോമസ് എന്നയാളെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ബസിന്‍റെ ബെല്ലടിച്ചതിനെ ചൊല്ലി പ്രതികള്‍ കണ്ടക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടര്‍ന്ന് കണ്ടക്ടറെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ബസ് യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളിലൊരാളായ ബിന്റോ ബേബിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പടെ മറ്റു കേസുകളും നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മാരായ വിദ്യാ. വി, പ്രദീപ് ലാൽ, പവനൻ, സി.പി.ഓ മാരായ പ്രവീണോ, രാകേഷ്,സിജാസ്, അനീഷ് വി.കെ , സുനിൽ, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.