06 September, 2022 10:28:17 PM


പേപ്പട്ടി ശല്യം: നടപടിയെടുക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് മാണി സി കാപ്പൻ



പാലാ: മനുഷ്യ ജീവന് വെല്ലുവിളി ഉയർത്തുന്ന പേപ്പട്ടി ശല്യത്തിനെതിരെ നടപടിയെടുക്കുന്നതിൽ അധികാരികൾ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് മാണി സി കാപ്പൻ എം എൽ എ കുറ്റപ്പെടുത്തി. തെരുവ് നായ്ക്കൾക്കെതിരെ ഫലപ്രദമായ നടപടി ഇല്ലാതെ വന്നതാണ് മനുഷ്യ ജീവന് ഭീഷണിയായത്. ആൻ്റി റാബിസ് വാക്സിനു ഗുണനിലവാരമില്ലെന്നു തെളിയിക്കുന്ന അനുഭവങ്ങളാണ് മുന്നിലുള്ളത്. മനുഷ്യനോളം മഹത്വമുള്ള മറ്റൊരു ജീവി ഭൂമിയിൽ ഇല്ലെന്നിരിക്കെ മനുഷ്യജീവനു ഭീഷണിയായ തെരുവ് നായ്ക്കൾക്കെതിരെ നടപടിയെടുക്കാൻ എന്തു കൊണ്ട് സാധിക്കുന്നില്ലെന്ന് കാപ്പൻ ചോദിച്ചു.

ആടിനെയും പോത്തിനെയും പന്നിയെയും താറാവിനെയും കോഴിയെയും കൊല്ലാനും തിന്നാനും സ്വാതന്ത്ര്യമുള്ള നാട്ടിൽ മനുഷ്യജീവന് വെല്ലുവിളി ഉയർത്തുന്ന നായ്ക്കളെ തൊട്ടാൽ കേസിൽ ഉൾപ്പെടുത്തുന്നത് വിരോധാഭാസമാണ്. പതിനായിരക്കണക്കിന് ആളുകൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. തെരുവ് നായ്ക്കളുടെ വന്ധീകരണമടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോൾ കേരളം ഭീതിയിലാണ്. പാൽ വാങ്ങാൻ പോയ അഭിരാമി എന്ന പന്ത്രണ്ടുകാരി  പേവിഷബാധയേറ്റ് മരിച്ചതിന് സർക്കാരാണ് ഉത്തരവാദി.

പേവിഷബാധ തടയുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ വൈകരുത്. തെരുവ് നായ്ക്കളുടെ ഭീഷണി തടയാൻ ഉതകുന്ന വിധം നിയമം പാസാക്കാൻ സർക്കാർ തയ്യാറാകണം. തെരുവ് നായ്ക്കളുടെ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂവെന്ന് മാണി സി കാപ്പൻ പറഞ്ഞു. പേപ്പട്ടി കടിച്ചുണ്ടായ ഓരോ മരണവും ഒഴിവാക്കാമായിരുന്നതാണ്. ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K