06 September, 2022 07:57:49 PM
തൃക്കൊടിത്താനം എസ് എച്ച് ഓയെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു
കോട്ടയം പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു. കാണക്കാരി തടത്തിൽപറമ്പിൽ വീട്ടിൽ ഹനീഫ മകൻ സലിം (38) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019ൽ തൃക്കൊടിത്താനം എസ്.എച്ച് ഓയെ കയ്യേറ്റം ചെയ്ത കേസിൽ ഒന്നാം പ്രതിയായിരിക്കെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം പ്രതി തന്‍റെ സുഹൃത്തുക്കളുമായി ബാറിലിരുന്ന് മദ്യപിക്കുകയും അതിനുശേഷം ഓട്ടോ സ്റ്റാൻഡിൽ എത്തി ഡ്രൈവറോട് പണം ചോദിക്കുകയും പണം കൊടുക്കാതിരുന്ന ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
കോടതിയില്‍ നിന്നും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അത്തരക്കാരുടെ ജാമ്യം റദ്ദാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ നിന്നും ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തുകൊണ്ട് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് കുറവിലങ്ങാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ മാത്യു കെ.എൻ, എ.എസ്.ഐ ജയ്സൺ അഗസ്റ്റിൻ, സി.പി.ഓ മാരായ അരുൺ എം.എസ്, സുധീഷ്,രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.