25 August, 2022 06:42:38 PM


വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് തുടക്കം; അന്തിമപട്ടിക ജനുവരി അഞ്ചിന്

വോട്ടര്‍ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം



കോട്ടയം: തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങൾക്കു ജില്ലയിൽ തുടക്കം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്നീ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ് സൈറ്റുകൾ മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. നവംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നവംബർ ഒമ്പതു മുതൽ ഡിസംബർ എട്ടുവരെ തിരുത്തലുകൾ വരുത്താനും ആക്ഷേപങ്ങൾ നൽകാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

ഈ വർഷം മുതൽ ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ 18 വയസു പൂർത്തീകരിക്കുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. മുൻകൂർ അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങളുണ്ട്.

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കാം

വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ബി.എൽ.ഒ. മുഖേനയും ആധാർ ബന്ധിപ്പിക്കൽ നടത്താം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും.

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ:

https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക.  
> വോട്ടർ രജിസ്‌ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ ഇലക്ട്രൽ ഓഥന്റിക്കേഷൻ (Electoral Authentication -Form 6B ) എന്നതിൽ അമർത്തുക.
> Let's Start എന്ന ഓപ്ഷൻ അമർത്തുക.
> ഒറ്റത്തവണ പാസ് വേർഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേർഡ് നൽകി Verify എന്ന ഓപ്ഷൻ അമർത്തുക.
> Yes, I have Voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.
> വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.
> നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ അമർത്തുക.
> വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി Confirm അമർത്തുക.
> തുടർന്ന് സ്‌ക്രീനിൽ തെളിയുന്ന റഫറൻസ് ഐഡി സൂക്ഷിച്ച് വയ്ക്കുക.

നിലവിൽ ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് അതിനുപകരം താഴെപ്പറയുന്ന രേഖകൾ ഉപയോഗിച്ച്
ബന്ധിപ്പിക്കൽ നടപടി പൂർത്തീകരിക്കാം

> എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി തൊഴിൽ കാർഡ്
> ഫോട്ടോപതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്
> തൊഴിൽ വകുപ്പിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
> ഡ്രൈവിംഗ് ലൈസൻസ്
> പാൻ കാർഡ്
> ദേശീയ പൗരത്വ രജിസ്റ്റർ സ്മാർട്ട് കാർഡ്
> ഇന്ത്യൻ പാസ്പോർട്ട്
> ഫോട്ടോ പതിച്ച പെൻഷൻ രേഖ
> കേന്ദ്ര / സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
> കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നൽകുന്ന ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ കാർഡ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K