13 August, 2022 08:48:00 PM
രാജ്യം കോവിഡ് മുക്തമെന്ന് കിം ജോങ് ഉന്‍; ഉത്തര കൊറിയയിൽ നിയന്ത്രണങ്ങള്‍ ഒഴിവാക്കി
പ്യോംങ്യാംഗ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കോവിഡ് -19 നെതിരെ ''വിജയം'' നേടിയെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഉത്തര കൊറിയയില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും വൈറസ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായുമാണ് അറിയിപ്പ്. രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന് കാരണക്കാര്‍ ദക്ഷിണ കൊറിയയാണെന്നും ഉത്തര കൊറിയ ആരോപിച്ചു.
'രാജ്യത്തുണ്ടായ പൊതുജനാരോഗ്യ പ്രതിസന്ധി പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചുരുങ്ങിയ കാലയളവില്‍ തന്നെ മാരകമായ വൈറസില്‍ നിന്ന് രാജ്യത്തെ പ്രദേശങ്ങളെ മുക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായി കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
മെയ് മാസത്തിലാണ് ആദ്യത്തെ കോവിഡ് കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഈ ആഴ്ച ആദ്യമാണ് ഉത്തരകൊറിയ കോവിഡിനെതിരെ വിജയം നേടിയെന്ന് പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ സാമൂഹിക അകലവും മറ്റ് നിയന്ത്രണങ്ങളും നീക്കി.
എന്നാല്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ള ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദക്ഷിണ കൊറിയന്‍ പ്രവര്‍ത്തകര്‍ കിമ്മിനെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി അതിര്‍ത്തിയില്‍ പ്രചരണ ലഘുലേഖകളും ബലൂണുകളും പറത്തിയതാണ് വൈറസ് രാജ്യത്ത് വ്യാപിക്കാന്‍ കാരണമെന്ന് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ് ആരോപിച്ചു.
കടുത്ത പനിക്കിടയിലും ദക്ഷിണ കൊറിയ മനഃപൂര്‍വം രാജ്യത്ത് വൈറസ് പടര്‍ത്തുകയാണെന്നാണ് കിം യോ ജോങ് ആരോപിച്ചത്. രാജ്യത്ത് രോഗം വ്യാപനം നടത്തിയതിന് ദക്ഷിണ കൊറിയയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ-ജോങ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, തന്‍റെ സഹോദരനും രാജ്യത്തെ പരമാധികാരിയുമായ കിം ജോങ് ഉന്നിന് കൊവിഡ് ബാധയുണ്ടെന്ന് കിം യോ ജോങ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഉത്തര കൊറിയയില്‍ ഏകദേശം 4.8 ദശലക്ഷം പേര്‍ക്ക് പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒരു ഭാഗത്തിന് മാത്രമോ കൊവിഡ് ബാധിച്ചതായി തിരിച്ചറിഞ്ഞിട്ടുള്ളു. അതേസമയം, ലോകത്തിലെ ഏറ്റവും മോശം ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലൊന്നാണ് ഉത്തര കൊറിയയിലുള്ളത്. വളരെ പരിമിതമായ തീവ്രപരിചരണ വിഭാഗങ്ങളുമാണ് രാജ്യത്തുള്ളത്. അതേസമയം, ചൈനയില്‍ നിന്ന് കോവിഡ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, രാജ്യത്ത് ആര്‍ക്കും തന്നെ വാക്‌സിനേഷന്‍ നല്‍കിയിട്ടില്ലെന്നാണ് സിയോള്‍ ആസ്ഥാനമായുള്ള എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.