10 August, 2022 12:39:17 PM


ആളില്ലാത്ത വീട്ടിൽ കയറി മദ്യം മോഷ്ടിച്ചു; ഹോളിവുഡ് നടൻ എസ്ര മില്ലർക്കെതിരെ കേസ്



മോണ്ട്പെലിയർ: ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി മദ്യം മോഷ്ടിച്ചെന്ന പരാതിയില്‍ ഹോളിവുഡ് താരം എസ്ര മില്ലറിനെതിരെ കേസ്. വെർമോണ്ട് സ്റ്റേറ്റ് പോലീസാണ് കേസെടുത്തത്. മെയ് ഒന്നിനാണ് പൊലീസിന് മോഷണം സംബന്ധിച്ച പരാതി ലഭിക്കുന്നത്. വീട്ടുടമയില്ലാത്ത സമയത്ത് വീട്ടിനുള്ളിൽ നിന്നും നിരവധി മദ്യകുപ്പികൾ നഷ്ടമായെന്നായിരുന്നു പരാതി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്.

പോലീസ് റിപ്പോർട്ട് അനുസരിച്ച്, ഞായറാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് മില്ലറെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബർ 26 ന് കോടതി നടപടികൾക്കായി വെർമോണ്ട് സുപ്പീരിയർ കോടതിയിൽ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. നേരത്തേയും ഇരുപത്തിയൊമ്പതുകാരനായ നടൻ നിയമനടപടികൾ നേരിടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ വർഷം തന്നെ ഹവായ് പൊലീസ് രണ്ട് തവണയാണ് മില്ലറെ അറസ്റ്റ് ചെയ്തത്. ഹവായിലെ കരോക്കേ ബാറിൽ പാർട്ടിക്കിടെ മോശമായി പെരുമാറുകയും യുവതിയോട് അസഭ്യം പറയുകയും ചെയ്തതിനാണ് ഒരു തവണ അറസ്റ്റിലായത്. 500 ഡോളർ പിഴ അടക്കേണ്ടി വരികയും ചെയ്തരുന്നു.

ഇതിനു ശേഷം ബിഗ് ഐലൻഡിൽ നടന്ന പാർട്ടിയിലും മില്ലർ അക്രമാസക്തനായി. പാർട്ടിയിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പട്ട യുവതിയെ കയ്യേറ്റം ചെയ്യുകയും കസേര കൊണ്ട് നെറ്റിയിൽ അടിക്കുകയും ചെയ്തതിന് മില്ലറെ ഹവായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഗ് ഐലൻഡിൽ നടന്ന ഒരു പാർട്ടിയിൽ നിന്നും എസ്ര മില്ലറിനോട് പുറത്തുപോകാനായി യുവതി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ മില്ലർ യുവതിയെ കസേര കൊണ്ട് നെറ്റിയിൽ അടിക്കുകയായിരുന്നു എന്ന് ഹവായ് പൊലീസ് ഡിപ്പാർട്മെന്റ് പറഞ്ഞു. യുവതിയുടെ നെറ്റിയിൽ അര ഇഞ്ച് വലിപ്പത്തിൽ മുറിവുണ്ടെന്നും യുവതി ചികിത്സയ്ക്ക് വിധേയയായില്ലെന്നും പൊലീസ് അറിയിക്കുന്നു.

ഡിസി സൂപ്പർഹീറോ സിനിമകളിൽ ഫ്ലാഷ് എന്ന കാഥാപാത്രത്തിലൂടെ പ്രസിദ്ധനാണ് എസ്ര മില്ലർ. വാർണർ ബ്രോസ് അടുത്ത വർഷം പുറത്തിറക്കാനിരിക്കുന്ന 'ദി ഫ്ലാഷ്' എന്ന ചിത്രത്തിലും മില്ലർ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K