08 August, 2022 04:41:10 PM
ഫിഷിംഗ് വ്ലോഗറായ മലയാളി യുവാവ് കാനഡയിൽ വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയിൽ
ടൊറന്‍റോ: മലയാളി യുവാവിനെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. അറിയപ്പെടുന്ന ഫിഷിങ് വ്ലോഗറായ തിരുവമ്പാടി കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡയിലെ ആൽബർട്ട ലെത്ത്ബ്രിഡ്ജിനു സമീപമുള്ള പർവതത്തിലെ വെള്ളച്ചാട്ടത്തിലാണ് രാജേഷ് ജോണിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. വ്‌ളോഗിങ്ങിനായി വീട്ടിൽ നിന്നു പുറപ്പെട്ട രാജേഷ് തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫിഷിങ് വ്‌ളോഗറായ രാജേഷ് ഓഗസ്റ്റ് മൂന്നിനാണ് മത്സ്യബന്ധനത്തിനും വീഡിയോ ചിത്രീകരിക്കുന്നതിനുമായി വീട്ടിൽ നിന്നു പുറപ്പെട്ടത്. ലിൻക്‌സ് ക്രീക്കിനു സമീപം ഫിഷിങ്ങിനു പോവുകയാണെന്നും പിറ്റേന്ന് മടങ്ങി വരുമെന്നും പറഞ്ഞാണ് രാജേഷ് പോയതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിറ്റേദിവസം രാവിലെ ഏഴു മണിക്ക് അദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. രാജേഷിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ ബെൽ അടിച്ചതല്ലാതെ എടുത്തില്ല. ഇതോടെ രാജേഷ് ജോണിന്‍റെ ഭാര്യ അനു പനങ്ങാടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മെഡിസിൻ ഹാറ്റ് പൊലീസിന്‍റെ അഭ്യർത്ഥനയെ തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും (ആർ.സി.എം.പി) വൈൽഡ് ലൈഫ് ഏജൻസിയും ചേർന്ന് ആൽബർട്ട ലെത്ത്ബ്രിഡ്ജിനു സമീപമുള്ള പർവതത്തിലും പരിസരപ്രദേശങ്ങളിലും തെരച്ചിൽ നടത്തി. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം രാജേഷ് ഉപയോഗിച്ച കാർ ലിൻക്‌സ് ക്രീക്ക് കാംപ്ഗ്രൗണ്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ രാജേഷിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല.
ഓഗസ്റ്റ് ഏഴിന് ഉച്ചയോടെയാണ് രാജേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. പർവ്വതത്തിന്‍റെ വശത്തുള്ള ഒരു വെള്ളച്ചാട്ടത്തിന്‍റെ അടിഭാഗത്തായിരുന്നു മൃതദേഹം. കൈയിൽ നിന്നു വീണ ഫിഷിങ് ബാഗ് ചൂണ്ട ഉപയോഗിച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രാജേഷ് ഉയരത്തിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്.
കാനഡയിൽ കലാ സാംസ്‌കാരിക കായിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നയാളാണ് രാജേഷ്. 'വ്‌ളോഗർ ജോൺ' എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോകൾ പ്രസിദ്ധീകരിച്ചിരുന്നത്. ഭാര്യയ്ക്കൊപ്പം കാനഡയിലേക്ക് കുടിയേറിയ രാജേഷ്, മെഡിസിൻ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷൻ പി.ആർ.ഒ ആയിരുന്നു. വത്സമ്മ വാളിപ്ലാക്കൽ ആണ് മാതാവ്. മകൻ: ഏദൻ. രാജേഷ് ജോണിന്‍റെ സംസ്‌കാരം പിന്നീട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് പള്ളിയിൽ നടത്തും.