26 July, 2022 02:49:46 PM
'കത്രീന കൈഫിനെ വിവാഹം ചെയ്യണം'; ശല്യം ചെയ്ത യുവാവ് 28 വരെ പൊലീസ് കസ്റ്റഡിയിൽ
മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിനെശല്യം ചെയ്തതിന്‍റെ പേരിൽ അറസ്റ്റിലായ യുവാവിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുലൈ 28 വരെയാണ് മുംബൈ പൊലീസ് മൻവീന്ദർ സിംഗ് എന്ന യുവാവിനെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെയാണ് മൻവീന്ദർ സിംഗിനെ മുംബൈ സാൻഡാക്രൂസ് പൊലീസ് അറസ്റ്റ് ചെയ്തത്. കത്രീന കൈഫിന്‍റെ കടുത്ത ആരാധകനാണെന്നാണ് ഇരുപത്തിയഞ്ചുകാരനായ മൻവീന്ദർ പൊലീസിനോട് പറഞ്ഞത്. ചെറിയ വേഷങ്ങളിൽ ചില സിനിമകളിലും ഇയാൾ വേഷമിട്ടിരുന്നു. കത്രീന കൈഫിനെ വിവാഹം ചെയ്യണമെന്നായിരുന്നു മൻവീന്ദറിന്‍റെ ആഗ്രഹം.
സ്വന്തം ചിത്രത്തിനൊപ്പം കത്രീനയുടെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് ഇയാൾ ഇൻസ്റ്റഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കത്രീനയെ ഇൻസ്റ്റഗ്രാമിൽ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കത്രീന കൈഫ് വിക്കി കൗശാലിനെ വിവാഹം ചെയ്തതോടെയാണ് മൻവീന്ദർ ഇരുവർക്കും എതിരെ വധഭീഷണി മുഴക്കിയത്. നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് വിക്കി കൗശാൽ പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ ഇയാൾ തനിക്കും കത്രീനയ്ക്കും എതിരെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്ന് വിക്കി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പറയുന്നു. 'കിങ് ബോളിവുഡ് സിഇഒ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ കത്രീനയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത്. കത്രീനയ്ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മൻവീന്ദർ തന്റെ തലവച്ച് 'എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം എന്നിങ്ങനെ കുറിച്ചിട്ടുണ്ട്.