26 July, 2022 06:42:57 AM
അമ്പതു വർഷത്തിനുശേഷം മ്യാൻമറിൽ വീണ്ടും വധശിക്ഷ ; തൂക്കിലേറ്റിയത് നാല് പേരെ
ബാങ്കോക്ക്: അമ്പതു വർഷത്തിനുശേഷം മ്യാൻമറിൽ വീണ്ടും വധശിക്ഷ നടപ്പിലാക്കിയതായി പട്ടാളഭരണകൂടം അറിയിച്ചു. നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) മുൻ പാർലമെന്റ് അംഗം, ഒരു ജനാധിപത്യപ്രവർത്തകൻ, കലാപത്തിൽ അറസ്റ്റിലായ രണ്ടു പേർ എന്നിവരെ തൂക്കിക്കൊന്നതായി ഭരണകൂടം അറിയിച്ചു.നാലു പേരുടെയും വധശിക്ഷ റദ്ദാക്കണമെന്ന് ആഗോളതലത്തിൽ ആവശ്യമുയർന്നതിനിടെയാണു ശിക്ഷ നടപ്പാക്കിയത്.
യുഎന്നും ആസിയാൻ ചെയർമാൻ സ്ഥാനം വഹിക്കുന്ന കംബോഡിയയും വധശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കലാപം സൃഷ്ടിക്കുകയും നേതൃത്വം നൽകുകയും ചെയ്തതിനും ഭീകരപ്രവർത്തനമാരോപിച്ചുമാണു നാലു പേരെ തൂക്കിക്കൊന്നതെന്നു മിറർ ദിനപത്രം റിപ്പോർട്ട് ചെയ്തു. ജയിലിൽ വധശിക്ഷ നടപ്പിലാക്കിയതായി പട്ടാള ഭരണകൂടം സ്ഥിരീകരിച്ചെങ്കിലും ജയിൽ വകുപ്പ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ല.
ഓംഗ് സാൻ സൂചിയുടെ എൻഎൽഡി പാർട്ടി മുൻ പാർലമെന്റ് അംഗം ഫിയോ സെയ തൗ (മായൂംഗ് കൈവ), ജനാധിപത്യപ്രവർത്തകൻ കൊ ജിമ്മി (53), ഹല മയോ ഓംഗ്, ഓംഗ് തുര സ്വ എന്നിവരെയാണു തൂക്കിലേറ്റിയത്. ഹിപ്-ഹോപ് സംഗീതജ്ഞനായ ഫിയോ 2007 ജനറേഷൻ വേവ് പൊളിറ്റിക്കൽ മൂവ്മെന്റിലൂടെയാണു രാഷ്ട്രീയത്തിൽ എത്തിയത്. അനധികൃതമായി വിദേശ കറൻസി കൈവശവച്ച കേസിൽ 2008ൽ, അന്നത്തെ പട്ടാളഭരണകൂടം ഇദ്ദേഹത്തെ ജയിലിലടച്ചിരുന്നു.
സുരക്ഷാ സേനയെ വെടിവച്ചെന്ന ജനങ്ങളിൽനിന്നുള്ള വിവരത്തെത്തുടർന്ന് കഴിഞ്ഞ നവംബറിൽ പട്ടാളഭരണകൂടം ഫിയോയെ അറസ്റ്റ് ചെയ്യുകയും ഭീകരപ്രവർത്തനം നടത്തിയെന്നാരോപിച്ച് പട്ടാളക്കോടതിയിൽ വിചാരണ ചെയ്യുകയും ചെയ്തു. ഭീകരവിരുദ്ധ നിയമം ലംഘിച്ചതാണു കൊ ജിമ്മിക്കെതിരേയുള്ള കുറ്റം. പട്ടാള അട്ടിമറിക്കെതിരേയുള്ള കലാപത്തിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഹല മയോ ഓംഗ്, ഓംഗ് തുര സ്വ എന്നിവരെ തൂക്കിലേറ്റിയത്.