08 July, 2022 06:51:55 PM
കുപ്രസിദ്ധ ഗുണ്ടയായ അതിരമ്പുഴ സ്വദേശിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ അടച്ചു
ഏറ്റുമാനൂര്‍: കുപ്രസിദ്ധ ഗുണ്ടയായ അച്ചു സന്തോഷിന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കിലിലാക്കി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗം ഐക്കരക്കുന്ന് ഭാഗത്ത് കാറ്റാടിയിൽ ഉതുപ്പ് മത്തായിയുടെ മകൻ ലിബിൻ.കെ.ഉതുപ്പ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.
പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ലിബിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടറാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായത്. ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണങ്ങളും നരഹത്യാശ്രമം, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക, മയക്കുമരുന്ന് കച്ചവടം തുടങ്ങി ഒട്ടേറെ കേസ്സുകളിൽ പ്രതിയാണ് ലിബിൻ.കെ.ഉതുപ്പ്.
കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ഗുണ്ടയാണ് ലിബിൻ. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.