07 July, 2022 01:58:24 PM
ചങ്ങനാശേരി ഡി.വൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാ മാഫിയയുമായി ബന്ധം
കോട്ടയം: കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ. സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തിൽ വ്യക്തമായത്. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്കും ആഭ്യന്തരസെക്രട്ടറിക്കും ദക്ഷിണമേഖല ഐ.ജി പി. പ്രകാശ് ശുപാർശ നൽകി. ഒരു ഇൻസ്‌പെക്ടറും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുമാണ് മറ്റ് ആരോപണ വിധേയർ. ഇവർക്കെതിരെ തുടർ അന്വേഷണത്തിനും ഉത്തരവായി.
കോട്ടയം ജില്ലയിലെ ഗുണ്ടാപട്ടികയിൽപെട്ടയാളാണ് അരുൺ ഗോപൻ. കുഴൽപ്പണക്കടത്തും വധശ്രമവും ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതി. ഇയാളുമായിട്ടാണ് ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർ വഴിവിട്ട അടുപ്പം പുലർത്തിയത്. അരുൺ ഗോപനെ ഹണിട്രാപ് കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശേരി ഡിവൈ.എസ്.പി തന്‍റെ അധികാരപരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.
ഇക്കാര്യം കോട്ടയം എസ്.പി ഡി.ശിൽപ ദക്ഷിണ മേഖല ഐ.ജി പി. പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെയാണ് പൊലീസ് - ഗുണ്ടാബന്ധം വ്യക്തമായത്. ഡിവൈ.എസ്.പി സ്റ്റേഷനിലെത്തിയത് താനുമായുള്ള ബന്ധം മറ്റ് പൊലീസുകാരോട് വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് അരുൺ ഗോപനെ ഭീഷണിപ്പെടുത്താനാണെന്നാണ് കണ്ടെത്തൽ. പല കേസുകളിലും അരുണിനെയും ഗുണ്ടാസംഘത്തെയും സഹായിച്ചിട്ടുണ്ടെന്നും പൊലീസിന്‍റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.