22 May, 2022 10:57:18 AM


ശരീരം കീറിമുറിച്ചു, തല്ലിച്ചതച്ചു; പ്രവാസി കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിനിരയായി



പാലക്കാട്: സ്വർണ കടത്ത് മാഫിയയിൽ നിന്ന് അതിക്രൂര മർദ്ദനങ്ങൾ ഏറ്റുവാങ്ങിയാണ് അഗളി സ്വദേശി അബ്ദുൾ ജലീല്‍ കൊല്ലപ്പെട്ടതെന്ന് പോലീസ്. സ്വർണ്ണക്കടത്തു സംഘത്തിന്‍റെ കാരിയർ ആയിരുന്ന ജലീലിനെ ഞായറാഴ്ച മുതൽ ബുധനാഴ്ച രാത്രി വരെ മനുഷ്യത്വം തീരെയില്ലാതെ പ്രതികള്‍ മർദിക്കുകയായിരുന്നു. 

ജിദ്ദയിൽ നിന്ന് കൊടുത്തയച്ച സ്വർണം തേടി ആണ് സ്വർണകടത്തുകാർ ജലീലിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തന്നെ പിടികൂടിയത്. ഉച്ചക്ക് പെരിന്തൽമണ്ണയിലും തുടര്‍ന്ന് രാത്രി 10 മണിയോടെ ആക്കപ്പറമ്പിലുള്ള വിജനമായ ഗ്രൗണ്ടിലും എത്തിച്ചു. അവിടെ വെച്ച് പുലർച്ചെ 5 മണി വരെ അതിക്രൂര മർദ്ദനം ആയിരുന്നു.  ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗിച്ച് ജലീലിന്‍റെ കാലിലും കൈകളിലും തുടകളിലും അടിച്ചു. ശരീരത്തിന് പുറത്തും  കൈകൾ പുറകോട്ട് കെട്ടിയും ഉള്ള മർദനങ്ങൾക്ക് പുറമെ  കുത്തിയും പരിക്കേൽപ്പിച്ചു. യുവാവിന്‍റെ കാലുകൾ പൊട്ടി രക്തം ഒലിക്കാൻ തുടങ്ങിയതോടെ ഗ്രൗണ്ടിൽ നിന്നും എടുത്തു കാറിൽ കയറ്റി.

എടത്തനാട്ടുകര സ്വദേശി അനസ് ബാബു  പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്ക് ജലീലിനെ മാറ്റി. അവിടെവച്ച്  രണ്ടു ദിവസത്തോളം രാത്രിയിലും പകലും മാറിമാറി യുവാവിനെ ഇരുമ്പ് പൈപ്പുകൾ ജാക്കി, ലിവർ എന്നിവ ഉപയോഗിച്ച് മർദിച്ചു. ശരീരത്തിൽ അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചു. കത്തികൊണ്ട് ശരീരത്തിലെ പലഭാഗങ്ങളിലും മുറിവ് ഉണ്ടാക്കി. രക്തം വാർന്നൊലിച്ച ശേഷവും പീഡനം തുടർന്നു. സംഘാംഗമായ  മണികണ്ഠന്‍റെ മെഡിക്കൽ ഷോപ്പിൽ നിന്നും മുറി ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകൾ കൊണ്ടുവന്നു നൽകിയ ശേഷം അലിമോന്‍റെ പൂപ്പലത്തുള്ള വീട്ടിലേക്കു ജലീലിനെ മാറ്റി. അവിടെ വെച്ചും സംഘം പീഡനം തുടർന്നു.

പരിക്കേറ്റ് അവശനിലയിലായ ജലീൽ പതിനെട്ടാം തീയതി രാത്രിയോടെ ബോധരഹിതനായി. തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നേഴ്സിംഗ് അസിസ്റ്റന്‍റുമാരെ വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകി. എന്നാൽ ജലീലിന്‍റെ ബോധം തിരിച്ചു കിട്ടാതായതോടെ യഹിയ പത്തൊമ്പതാം തീയതി രാവിലെ 7 മണിയോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആക്കപ്പറമ്പ് റോഡരികിൽ പരിക്കുപറ്റി കിടക്കുന്നത് കണ്ടു എടുത്തു കൊണ്ട് വന്നതാണ് എന്നായിരുന്നു യഹിയ ആശുപത്രിയിൽ പറഞ്ഞത്. അന്ന് രാത്രി 12 മണിയോടെ ജലീൽ മരിച്ചു.

അതിക്രൂരമായ പീഡനങ്ങൾ ആണ് ജലീലിന് അനുഭവിക്കേണ്ടി വന്നത് എന്ന് എസ് പി സുജിത്ത് ദാസ് എസ് പറഞ്ഞു." വളരെ ക്രൂരമായ പീഡനം ആണ് നടന്നത്. ഇൻക്വസ്റ്റ് നടപടിയിൽ ശരീരം മുഴുവൻ മർദനമേറ്റതായി കാണാൻ സാധിച്ചു. കൊല്ലണം എന്ന് ഉദ്ദേശത്തോടെ തന്നെ ആണ് ഇങ്ങനെ ക്രൂരമായി മർദിച്ചത്. ദേഹം മുഴുവൻ മുറിവുകളാണ്. ഇരുമ്പ് വടിയുപയോഗിച്ചാണ് മർദ്ദനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരാനിരിക്കുന്നതേ ഉള്ളൂ. ശരീരത്തിലെ മുറിവുകളും തലയിൽ രക്തം കട്ടപിടിച്ചതും ആണ് മരണകാരണം . "

ഇപ്പൊൾ അറസ്റ്റിലായവരിൽ അലിമോന്‍, അല്‍ത്താഫ്, റഫീഖ് എന്നിവര്‍ക്ക് ആണ് കൊലപാതകത്തില്‍ നേരിട്ട് പങ്ക് ഉള്ളത്. കുറ്റകൃത്യത്തിൽ സഹായങ്ങൾ ചെയ്തു കൊടുത്തത് അനസ് ബാബു, മണികണ്ഠന്‍ എന്നിവരാണ്. പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതികളെ ജൂൺ മൂന്ന് വരെ റിമാൻഡ് ചെയ്തു. എല്ലാവരും പെരിന്തൽമണ്ണ സബ് ജയിലിൽ ആണ്. തെളിവെടുപ്പ് നടപടികൾക്കായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.

സ്വർണ ഇടപാട് ആണ് കൊലപാതകത്തിലേക്ക് വഴി ഒരുക്കിയത് എന്ന് പോലീസ് പറഞ്ഞു. ജിദ്ദയിൽ നിന്നും ജലീൽ സ്വർണ കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചത് എന്നും എത്ര സ്വർണ്ണം ആണ് കടത്താൻ ഏൽപ്പിച്ചത് എന്നുമെല്ലാം തുടർ അന്വേഷണത്തിലെ വ്യക്തമാകൂ. കേസിലെ മുഖ്യ പ്രതി യഹിയ ഇപ്പോഴും ഒളിവിൽ ആണ്. ഇയാളെ പിടികൂടിയാൽ മാത്രമേ ഇതെല്ലാം വ്യക്തമാകൂ. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്‍റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടന്നു വരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K