21 May, 2022 08:25:56 AM
ഭീതിപടർത്തി കുരങ്ങുപനി: 11 രാജ്യങ്ങളിലായി 80 പേർക്ക് ബാധിച്ചതായി ഡബ്ല്യുഎച്ച്ഒ
ബ്രസല്‍സ്: ലോകത്ത് 11 രാജ്യങ്ങളിലായി 80 പേർക്ക് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾ കൂടി അന്വേഷിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും ആശങ്ക പടർത്തി കുരങ്ങുപനി വ്യാപിക്കുന്നത്. നേരത്തെ, ഇറ്റലി, സ്വീഡൻ, സ്പെയിൻ, പോർച്ചുഗൽ, യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ജർമനിയിലും ഫ്രാൻസിലും കുരങ്ങുപനി രോഗം കണ്ടെത്തി.
തലസ്ഥാനമായ പാരീസ് ഉൾപ്പെടുന്ന ഇൽ ദെ ഫ്രാൻസ് മേഖലയിൽ ഇരുപത്തൊമ്പതുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനിയുടെ ലക്ഷണങ്ങളോടെ എത്തിയ ഒരാളിൽ രോഗം സ്ഥിരീകരിച്ചതായി ജർമൻ സേനയുടെ മൈക്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്പെയിനിലും പോര്‍ച്ചുഗലിലും നാല്‍പ്പതിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അണ്ണാന് ഉള്‍പ്പെടെ മൃഗങ്ങളിൽനിന്നു പടരുന്ന വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നെത്തുന്നവർ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദേശിച്ചു.