16 May, 2022 08:17:14 PM
മണ്ണാർക്കാട് ഇരട്ടക്കൊല: 25 പ്രതികൾക്കും ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ
പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ പ്രതികളായ 25 പേർക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ടി എച്ച് രജിതയാണ് ശിക്ഷ വിധിച്ചത്. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സഹോദരങ്ങളും എ പി സുന്നി പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസില്‍ ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ ഒന്നാംപ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്.
രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് 1998ൽ കല്ലാംകുഴി പാലയ്ക്കാപറമ്പിൽ മുഹമ്മദ് വധിക്കപ്പെട്ട കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. 2007ൽ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വീണ്ടും പ്രകോപനത്തിനു കാരണമായെന്നും പൊലീസ് പറയുന്നു.
2013ലാണ് കല്ലംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന്‍ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഹംസ പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. പിരിവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തിയതോടെ രാഷ്ട്രീയനിറവും കൈവന്നു.
സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടിൽ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിർണായകസാക്ഷി.
കൊലപാതകം നടന്ന് ഏഴു വർഷത്തിനുശേഷമാണു വിചാരണ ആരംഭിച്ചത്. ഡിവൈഎസ്പി എസ്.ഷറഫുദ്ദീൻ, ഇൻസ്പെക്ടർ കെ.അനിൽകുമാർ, എസ്ഐ എ.ദീപകുമാർ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.
പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ, തൃക്കളൂർ കല്ലാങ്കുഴി പലയക്കോടൻ സലാഹുദ്ദീൻ, മങ്ങാട്ടുതൊടി ഷമീർ, അക്കിയപാടം കത്തിച്ചാലിൽ സുലൈമാൻ, മാങ്ങോട്ടുത്തൊടി അമീർ, തെക്കുംപുറയൻ ഹംസ, ചീനത്ത് ഫാസിൽ, തെക്കുംപുറയൻ ഫാസിൽ, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായിൽ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീൻ, ഷഹീർ, അംജാദ്, മുഹമ്മദ് മുബഷീർ, മുഹമ്മദ് മുഹസിൻ, നിജാസ്, ഷമീം, സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി സി കൃഷ്ണൻ നാരായണൻ ഹാജരായി.