11 May, 2022 02:39:15 PM
മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: 25 പ്രതികളും കുറ്റക്കാർ; ശിക്ഷ വെള്ളിയാഴ്ച
പാലക്കാട്; മണ്ണാര്‍ക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയുടേതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2013 നവംബര്‍ 20 നായിരുന്നു സഹോദരങ്ങളായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസ, നൂറുദ്ധീന്‍ എന്നിവരെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും സഞ്ചരിച്ച കാറിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു.
സിപിഎം അനുഭാവികളായ ഇരുവരും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവര്‍ത്തകരായിരുന്നു. എസ്‌വൈഎസ് കല്ലാംകുഴി യൂണിറ്റ് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീന്‍. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസിലെ ഒന്നാംപ്രതി. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത 26 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു.
കേസിൽ നേരത്തേ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയിരുന്നു. തുടർന്ന് അഞ്ച് പ്രതികളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു. അതേസമയം കേസ് അന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ തണല്‍ എന്ന സംഘടന അനധികൃത പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് കുഞ്ഞുഹംസ വിധി സമ്പാദിച്ചിരുന്നു. ഇതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിന് പിന്നില്‍.