09 May, 2022 05:13:52 PM


വാഹനങ്ങൾ വാടകയ്ക്കെടുത്ത് തട്ടിപ്പു നടത്തുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ



ചെങ്ങന്നൂർ: വാഹനങ്ങൾ വാടകയ്ക്കെടുത്ത് തട്ടിപ്പു നടത്തുന്ന സംഘത്തിലെ 3 പേർ പോലീസിന്റെ പിടിയിൽ.  ആലത്തൂര്‍ കാട്ടുശേരി പൊട്ടിമട വീട്ടില്‍ അനൂപ്‌കുമാര്‍ (32), ആലപ്പുഴ മണ്ണഞ്ചേരി ആര്യാട്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന അമ്പലപ്പുഴ കോമളപുരം അവിലുക്കുന്ന്‌ വെളിയില്‍ വീട്ടില്‍ അജിത്ത്‌ (28), കോയമ്പത്തൂര്‍ തെലുങ്കുപാളയം പി.എന്‍.പുത്തൂര്‍ ആര്‍.എസ്‌ പുരം ജഗദീഷ്‌ നഗറില്‍ നടരാജ്‌ (32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ആലപ്പുഴ, കോയമ്പത്തൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ്‌ പ്രത്യേക സംഘം ഇവരെ പിടികൂടിയത്‌. പുലിയൂര്‍ കുളിക്കാംപാലം ചെറുകര തെക്കേതില്‍ രതീഷിന്റെ മാരുതി ബലേനോ, ചെങ്ങന്നൂര്‍ കാഞ്ഞിരത്തുംമൂട്‌ ശിവദാസ്‌ ഭവനില്‍ രതീഷിന്റെ മാരുതി സ്വിഫ്‌റ്റ്‌ എന്നീ വാഹനങ്ങള്‍ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. വാഹനങ്ങള്‍ വാടകയ്‌ക്കായി സൈറ്റില്‍ നല്‍കുന്ന പരസ്യം കണ്ടാണ്‌ ഇവര്‍ ഉടമകളെ സമീപിക്കുന്നത്‌.

ജനുവരി 22 നാണ്‌ രതീഷിന്റെ വാഹനം ആലപ്പുഴ സ്വദേശിയായ അരുണ്‍, അറസ്‌റ്റിലായ അനൂപ്‌, അജിത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ 5,000 രൂപ അഡ്വാന്‍സ്‌ നല്‍കിയ ശേഷം കൊണ്ടുപോയത്‌. 1000 രൂപയായിരുന്നു ദിവസ വാടക. എന്നാല്‍ വാടക നല്‍കാത്തതിനെത്തുടര്‍ന്ന്‌ വാഹനം ചോദിച്ചെങ്കിലും മറുപടി കിട്ടാതായി. ഇതേത്തുടര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. ചെങ്ങന്നൂർ ഡിവൈ.എസ്‌.പി. ഡോ.ആര്‍.ജോസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. 

മണ്ണഞ്ചേരില്‍ താമസിക്കുന്ന അജിത്തിനെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ ഒന്നാം പ്രതി അനൂപിനെ ബംഗളുരുവില്‍ നിന്നുമാണ്‌ പിടികൂടിയത്‌. ഇയാളുടെ പേരില്‍ തൊടുപുഴ, പാലക്കാട്‌ തെക്ക്‌, വടക്ക്‌, കൊടുവള്ളി, ആലത്തൂര്‍, ചിറ്റൂര്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌. തമിഴ്‌നാട്‌ ആനമല സ്‌റ്റേഷനില്‍ ഒന്നരക്കോടിയുടെ തട്ടിപ്പ്‌ കേസും നിലവിലുണ്ട്‌. രണ്ടാം പ്രതി അജിത്ത്‌ കളമശേരി, തൃക്കാക്കര, ചെങ്ങന്നൂര്‍ പോലീസ്‌ സ്‌റ്റേഷനിലും മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌ നടത്തിയതിന്‌ തൃക്കാക്കരയില്‍ മറ്റൊരു കേസും നിലവിലുണ്ട്‌. വാഹനമെടുത്ത്‌ കോയമ്പത്തൂരില്‍ പണയം വയ്‌ക്കാന്‍ സഹായിച്ചതിനാണ്‌ നടരാജന്‍ അറസ്‌റ്റിലായത്‌. എസ്‌.എച്ച്‌.ഒ. ജോസ്‌ മാത്യു, എസ്‌.ഐ. അഭിലാഷ്‌ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്‌ അന്വേഷണം നടത്തിയത്‌. സി.പി.ഒ മാരായ ഉണ്ണിക്കൃഷ്‌ണപിള്ള, അരുണ്‍ ഭാസ്‌കര്‍, ഷെഫീക്ക്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K