06 May, 2022 10:33:29 AM
ഭാര്യയെയും മകളെയും തീകൊളുത്തി കൊന്ന സംഭവം; മുഹമ്മദ് പോക്സോ കേസ് പ്രതി
മലപ്പുറം: ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോയില്‍ കയറ്റി പൂട്ടി തീകൊളുത്തിയതിന് ശേഷം കിണറ്റില്‍ ചാടി മരിച്ച തുവൂര്‍ തരിപ്രമുണ്ട തെച്ചിയോടന്‍ മുഹമ്മദ് പോക്സോ കേസിലെ പ്രതി.
കാസർഗോഡ് മേൽപ്പറമ്പ് പോലീസാണ് മുഹമ്മദിനെതിരേ കേസ് രജിസ്റ്റർചെയ്തത്. കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. പെരുമ്പള കാരത്തൊട്ടി തെച്ചിയോടൻ ഹൗസിൽ കുടുംബസമേതം താമസിച്ച് മീൻവിൽപ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. 240 ദിവസം റിമാൻഡിൽ കിടന്ന ശേഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കീഴാറ്റൂർ കൊണ്ടിപ്പറന്പിലാണ് വ്യാഴാഴ്ച നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുഹമ്മദ് (52) ആണു ഭാര്യ കീഴാറ്റൂർ കൊണ്ടിപറന്പ് നെല്ലിക്കുന്നിൽ പലയക്കോടൻ ജാസ്മിൻ(37), മകൾ ഫാത്തിമ സഫ (11) എന്നിവരെ തീവച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഓട്ടോ റിക്ഷയിൽ കയറ്റിയ മറ്റൊരു മകൾ ഷിഫാന(അഞ്ച്)യെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.
കുടുംബവഴക്കിനെത്തുടർന്നാണ് മുഹമ്മദ് ഭാര്യയെയും മക്കളെയും ഓട്ടോയ്ള്ളിൽ പൂട്ടിയിട്ട് തീവച്ചതെന്നു പോലീസ് പറഞ്ഞു. കാസർഗോട്ട് മുഹമ്മദിനൊപ്പം താമസിക്കുന്ന ജാസ്മിനെയും മക്കളെയും നോന്പിനു മുന്‍പ് വീട്ടുകാർ സ്വന്തം വീട്ടിൽ കൊണ്ടുവന്നിരുന്നു. മക്കളെ കാണാനും തിരികെ കൊണ്ടുപോകാനെന്നും പറഞ്ഞാണു മുഹമ്മദ് ഗുഡ്സ് ഓട്ടോറിക്ഷയുമായി ഇന്നലെ എത്തിയത്.
മുൻസീറ്റിൽ മുഹമ്മദ് അടക്കം നാലുപേരും കയറി. തുടർന്നു പെട്ടെന്ന് മുഹമ്മദ് കുപ്പിയിൽനിന്ന് ഇന്ധനമെടുത്ത് ഓട്ടോക്കുള്ളിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉഗ്രസ്ഫോടത്തോടെ തീ ആളിപ്പടർന്നു. വാഹനം നിന്നുകത്തിയതോടെ മുഹമ്മദ് പുറത്തേക്കു കടക്കുകയും സമീപത്തെ കിണറ്റിലേക്കു ചാടുകയുമായിരുന്നു.
പെട്രോളോ ഡീസലോ അടങ്ങുന്ന സ് ഫോടകവസ്തു ഉപയോഗിച്ചാണ് മുഹമ്മദ് ഓട്ടോയ്ക്ക് തീകൊളുത്തിയതെന്നു പോലീസ് സംശയിക്കുന്നു. കുട്ടികളിലൊരാളും പുറത്തുചാടിയതോടെ ഓടിക്കൂടിയവർ തീ കെടുത്താൻ ശ്രമിച്ചു. 18 വയസുള്ള ഒരു മകൾകൂടി ഇവർക്കുണ്ട്. തീപിടിച്ച ഓട്ടോയിൽനിന്നു ഗ്ലാസ് പൊട്ടിച്ചാണ് ജാസ്മിന്റെ സഹോദരി ഷിഫാനയെ രക്ഷപ്പെടുത്തിയത്.
സംഭവമറിഞ്ഞ് ഫയർഫോഴ്സും മേലാറ്റൂർ പോലീസും സ്ഥലത്തെത്തി. മുക്കാൽ മണിക്കൂറോളം പണിപ്പെട്ടാണ് തീ പൂർണമായും അണച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ഇന്നലെ ഭാര്യവീട്ടിൽ എത്തിയതെന്നും കൈയിൽ ഉഗ്ര സ്ഫോടക ശേഷിയുള്ള പടക്കങ്ങളും സ്ഫോടകവസ്തുക്കളും കരുതിയിരുന്നതായും പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ഏറെ ക്കാലമായി കുടുംബവഴക്ക് നിലനിൽക്കുന്നുണ്ട്.
മുഹമ്മദ് സ്ഥിരമായി നാട്ടിൽ നിൽക്കാത്തയാളാണെന്നും സ്ഥിരം ജോലിയില്ലെന്നും പ്രദേശവാസികൾ പറയുന്നു. പെട്രോളിൽ പഞ്ചസാര ചേർത്തു ഗുഡ്സ് ഓട്ടോയിൽ തളിച്ചാണ് തീകൊളുത്തിയതെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു.
മേലാറ്റൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മൃതദേഹങ്ങൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.