23 March, 2022 05:02:27 PM
ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്
കൊച്ചി: നടന് ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിൽനിന്നു പുറത്താക്കാന്‍ നീക്കം. ഈ മാസം 31ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സംഘടനാ പ്രസിഡന്റ് വിജയകുമാർ അറിയിച്ചിരിക്കുന്നത്. ഭരണഘടന മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
സംഘടനയുടെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ് വേണ്ടായെന്ന വ്യവസ്ഥയിലും മാറ്റങ്ങൾ കൊണ്ടു വരാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. പുതിയ മാറ്റത്തോടുകൂടി ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സംഘടനയിലെ ആജീവനാന്ത അംഗത്വവും നഷ്ടമാകും. ഫിയോക്കിന്റെ ആജീവനാന്ത ചെയര്മാൻ ദിലീപും വൈസ് ചെയര്മാൻ ആന്റണി പെരുമ്പാവൂരുമാണ്. ഈ സ്ഥാനങ്ങളിൽനിന്ന് ഇരുവരെയും മാറ്റാനാണ് പുതിയ ഭേദഗതി കൊണ്ടു വരുന്നത്.