27 June, 2016 09:44:29 PM
വേനലൊഴിഞ്ഞിട്ടും ചിക്കന്‍ പോക്സ്
വേനലില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട അസുഖമായ ചിക്കന്‍ പോക്സ് പക്ഷെ മഴ തുടങ്ങിയിട്ടും പടര്‍ന്നു പിടിക്കുന്നു. കോട്ടയം ജില്ലയില്‍ മാത്രം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ 800 പേര്‍ക്ക് അസുഖം പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. അതേസമയം ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍ പെടാതെ പോകുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ ഒട്ടേറെ കേസുകള്‍ വേറെയുമുണ്ട്.
അന്തരീക്ഷത്തിലുള്ള കീടാണുക്കളില്‍ നിന്നു പകരുന്ന ചിക്കന്‍ പോക്സ് വേനലിലാണ് സാധാരണ പടര്‍ന്നു പിടിക്കുക. അസുഖം വന്ന് തീര്‍ത്തും മാറും മുമ്പേ പൊതു സ്ഥലത്തേക്കിറങ്ങുന്നവരില്‍ നിന്നാണ് കൂടുതലും അണുക്കള്‍ വായുവില്‍ പടരുക. വേനലവധിക്കു ശേഷം സ്കൂളില്‍ എത്തുന്ന കുട്ടികളില്‍ ആരെങ്കിലും ഇപ്രകാരമുള്ളവരാണെങ്കില്‍ മറ്റ് കുട്ടികളിലേക്കും അസുഖം ബാധിച്ചേക്കാം. ഇത് മഴക്കാലമായിട്ടും അസുഖം പടരാനുള്ള കാരണങ്ങളില്‍ ഒന്നായി ചൂണ്ടികാണിക്കപ്പെടുന്നു.
വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് പകര്‍ച്ചവ്യാധിയായ.ചിക്കന്‍ പോക്സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്‍റെ പ്രവര്‍ത്തന ഫലമായി ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ ചുവന്ന കുമിളകളായി മാറുകയും ചെയ്യുന്നു. ചിക്കന്‍ പോക്സിന്‍റെ ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്തമാണ്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീര താപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ ചിക്കന്‍ പോക്സാണെന്നു സ്ഥിരീകരിക്കാം. എന്നാല്‍ രോഗലക്ഷണങ്ങള്‍ കാട്ടും മുമ്പ് തന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ തുടങ്ങിയിട്ടുണ്ടാവും.
പകരുന്ന രോഗമായതുകൊണ്ട് തന്നെ രോഗിയെ പ്രത്യേകം മാറ്റി പാര്‍പ്പിക്കേണ്ടതും അത്യാവശ്യമാണ്. രോഗം വന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളോ, വ്യക്തിയുമായുള്ള സമ്പര്‍ക്കമോ ഒഴിവാക്കുന്നതാണ് ചിക്കന്‍പോക്സ് പകരാതിരിക്കാനുള്ള ഏക പോംവഴി. ചിക്കന്‍ പോക്സ് ഉള്ള രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10 മുതല്‍ 20 ദിവസത്തിനുള്ളില്‍ അടുത്തയാള്‍ക്ക് രോഗലക്ഷണം കണ്ടു തുടങ്ങും. ഒരിക്കല്‍ രോഗം വന്നവരില്‍ ചിക്കന്‍പോക്സ് പിന്നീട് ഉണ്ടാകില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
പത്തു മുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍ പോക്സിന്‍റെ കാലാവധി. രോഗം വന്നാല്‍ ദിവസേനയുള്ള കുളി പാടില്ലെന്നാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ചിലര്‍ നിത്യവും കുളിക്കണമെന്നും പറയാറുണ്ട്. കുളിക്കുമ്പോള്‍ ശരീരത്തിലുണ്ടായ കുമിളകള്‍ പൊട്ടാതിരിക്കാനാണ് കുളി ഒഴിവാക്കണമെന്നു പറയുന്നത്. അഥവാ കുളി നിര്‍ബന്ധമാണെങ്കില്‍ സോപ്പോ, രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കളോ ഉപയോഗിക്കാതെ വേണം കുളിക്കാന്‍. കൂടുതല്‍ അണുബാധയേല്‍ക്കാതിരിക്കാന്‍ വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
കുമിളകള്‍ വ്രണങ്ങളാവാതെ സൂക്ഷിച്ചാല്‍ രോഗം മാറിയാല്‍ ശരീരത്തില്‍ പാടുകള്‍ അവശേഷിക്കില്ല. ആര്യവേപ്പിലയും മഞ്ഞളുമിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതു പാട് മാറ്റാന്‍ സഹായിക്കും. ചില ഇംഗ്ലിഷ് ഓയിന്‍മെന്‍റുകളും വിപണിയില്‍ കിട്ടും. പ്രായമായവരും ഗര്‍ഭിണികളുമാണ് രോഗം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പ്രസവത്തിന് അഞ്ചു ദിവസം മുന്‍പും പ്രസവശേഷം രണ്ടു ദിവസം കഴിഞ്ഞും ചിക്കന്‍പോക്സ് പിടിപെട്ടാല്‍ അത് കുഞ്ഞിനും അസുഖം വരാന്‍ കാരണമാകും.
രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ മൂന്നാഴ്ച ശ്രദ്ധിക്കണം. ചെറിയ പനി വന്നാലും വൈദ്യസഹായം തേടണം. കരിക്കിന്‍ വെള്ളവും പഴവും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. കുട്ടികളില്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. മിക്കപ്പോഴും വെറുമൊരു പനി പോലെ വന്ന് സ്വയം ശമിക്കുകയും ചെയ്യും. എന്നാല്‍, വാര്‍ധക്യത്തില്‍ രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ, മസ്തിഷ്‌കജ്വരം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ചിക്കന്‍ പോക്‌സിനെതിരായ വാക്‌സിനുകള്‍ ഇന്നു ലഭ്യമാണ്. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.