03 February, 2022 03:52:31 PM


കോവിഡ്: യുവതിയുടെ സ്വകാര്യ ഭാഗത്തെ സ്രവം എടുത്ത ലാബ് ടെക്നീഷ്യന് 10 വർഷം കഠിനതടവ്



അമരാവതി: കോവിഡ് പരിശോധനയ്ക്കായി മൂക്കിൽ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം ശേഖരിച്ച ലാബി ടെക്നീഷ്യന് കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. ആരോപണ വിധേയനായ ലാബ് ടെക്നീഷ്യനെ 17 മാസത്തിന് ശേഷമാണ് കോടതി  കുറ്റക്കാരനെന്ന് കണ്ടെത്തി 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.

സംഭവം ഇങ്ങനെ. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇതിനുശേഷം മാളിലെ എല്ലാ ജീവനക്കാരോടും വഡ്‌നേരയിലെ ട്രോമ കെയർ സെന്‍ററിൽ കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരെയും പരിശോധിച്ച ശേഷം ഒരു വനിതാ ജീവനക്കാരിയോട്, റിപ്പോർട്ട് പോസിറ്റീവാണെന്നും കൂടുതൽ പരിശോധനകൾക്കായി ലാബിൽ എത്തണമെന്നും ലാബ് ടെക്നീഷ്യൻ ആവശ്യപ്പെട്ടു. കൂടുതല്‍ പരിശോധനയ്ക്ക് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കുകയായിരുന്നു.

സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം പിന്നീട് സഹോദരനോട് പറഞ്ഞു. യുവതിയുടെ സഹോദരൻ ഒരു ഡോക്ടറുമായി ഇക്കാര്യം സംസാരിച്ചു. എന്നാല്‍ അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന് ശേഷം യുവതി കുടുംബാംഗങ്ങൾക്കൊപ്പം വഡ്‌നേര പൊലീസ് സ്റ്റേഷനിലെത്തി ലാബ് ടെക്‌നീഷ്യൻ അൽകേഷ് ദേശ്മുഖിനെതിരെ പരാതി നൽകി. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പൊലീസ് പ്രതിയെ ഉടൻ പിടികൂടി.

അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സർക്കാർ അഭിഭാഷകനായ സുനിൽ ദേശ്മുഖ് പെൺകുട്ടിക്കായി വാദിച്ചു. കേസിൽ ആകെ 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം സെക്ഷൻ 376 (1) പ്രകാരമുള്ള കുറ്റം പ്രതി ചെയ്തെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 10 വർഷം കഠിനതടവിന് ശിക്ഷിക്കുകയും 10,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സെക്ഷൻ 354 പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് അഞ്ച് വർഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K