29 January, 2022 08:20:53 PM
പാലായിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്: 3 സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയിൽ
കോട്ടയം: പാലാ വള്ളിച്ചിറയിലുള്ള പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനും ഇടപാടുകാരുമായ നാലു പുരുഷന്മാരും, മൂന്നു സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി.
സംഭവുമായി ബന്ധപ്പെട്ട് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി-57), ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബാലകൃഷ്ണൻ നായർ ബിനു (49), തോടനാട് കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കൽ ബോബി (57) എന്നിവരെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്റ്റർ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെ പിടികൂടി.
പാലാ വള്ളിച്ചിറയിലുള്ള വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടെ ഇടപാടുകാർ എത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. നേരത്തെ തന്നെ പാലാ എസ്.എച്ച്.ഒ കെ.പി ടോംസന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
ശനിയാഴ്ച രാവിലെ ഈ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടിയത്. എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ്, എ.എസ്.ഐ ഷാജി കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ബിജു, വനിതാ സിവിൽ പൊലീസ് ഓഫീസർ രമ്യ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.