17 January, 2022 11:14:45 AM
യുവാവിനെ കൊലപ്പെടുത്തിയതു കഞ്ചാവ് കച്ചവടം ഒറ്റിയതിന്: പ്രതി കാപ്പ ചുമത്തപ്പെട്ടയാൾ
കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ കൊലപ്പെടുത്തിയതു കഞ്ചാവ് കച്ചവടം സംബന്ധിച്ചു പോലീസിനു ഒറ്റിയെന്ന കാരണത്താൽ. കല്ലിനും കന്പിനും പട്ടികയ്ക്കും അടിച്ചാണ് കൊലപ്പെടുത്തിയതെന്നു ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു. ക്രൂരമായി കൊലപാതകം നടത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസാണ് (കെ.ഡി ജോമോൻ -40) യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കീഴുക്കുന്ന് സ്വദേശിയായ ഷാൻ ബാബു(19)വാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.45നായിരുന്നു സംഭവം.
കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകത്തിനു കാരണമായതായി പോലീസ് സംശയിക്കുന്നു. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ നേരത്തെ താമസിച്ചിരുന്ന വീടിനു സമീപത്തായാണ് ഷാനിന്‍റെ വീട്. നാട്ടിൽനിന്നു പോലീസ് കാപ്പ ചുമത്തി നാടു കടത്തിയതോടെ തന്നെ നാട്ടുകാർക്കു ഭയമില്ലെന്നു ഗുണ്ടയായ ജോമോനു തോന്നിയിരുന്നു. ഇതേത്തുടർന്നു നാട്ടിലെത്തി വെല്ലുവിളി നടത്തുകയായിരുന്നു. ഇതിനിടെയാണ് ജോമോനെപ്പറ്റി പോലീസിനു വിവരം ചോർത്തി നൽകിയതു ഷാൻ ബാബുവാണെന്ന സംശയം ഉയർന്നത്.
തുടർന്നു ജോമോനും ഗുണ്ടാ സംഘങ്ങളും ചേർന്നു ഷാൻ ബാബുവിനെ രാത്രി 9.30ന് വീടിനു സമീപത്തുനിന്ന് ഓട്ടോയിൽ കയറ്റികൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നാണു സൂചന. രാത്രി വൈകിയും ഷാൻ വീട്ടിലെത്താത്തതിനെത്തുടർന്ന് അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. 2021 നവംബർ 19നാണ് ജില്ലാ പോലീസ് ജോമോനെ കാപ്പ ചുമത്തി നാട് കടത്തിയത്. എന്നാൽ, കോടതിയിൽ പോയ ജോമോൻ തന്നെ നാടു കടത്തിയ നടപടിയിൽനിന്ന് ഇളവ് വാങ്ങി. ദിവസവും കോട്ടയം ഡിവൈഎസ്പി ഓഫിസിൽ എത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവദിച്ചത്. എന്നാൽ, ഈ ഇളവും ഉപാധികളും നിലനിൽക്കുന്പോഴാണ് ജോമോൻ അതിക്രൂരമായ രീതിയിൽ കൊലപാതകം നടത്തിയത്.