10 January, 2022 12:30:19 PM
പങ്കാളികളെ കൈമാറല്‍: 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; അന്വേഷണം മറ്റ് ജില്ലകളിലേക്കും
കോട്ടയം: കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയായതായാണ് വിവരം. ഇത്തരത്തിലുള്ള സംഘങ്ങള്‍ ഉള്‍പ്പെടുന്ന 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഓരോ ഗ്രൂപ്പുകളിലും അയ്യായിരത്തിന് മുകളിൽ അംഗങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങൾ നടക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അന്വേഷണം നടക്കുന്നുണ്ട്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തി. ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും സംഘങ്ങളുടെ താവളം. മറ്റൊരു തരത്തിലുള്ള വാണിഭമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇത്തരം സംഘങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം രൂക്ഷമെന്നും പൊലീസ് അന്വേഷണം സംഘം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചയോടെയാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിലാവുന്നത്. കേസിൽ ഇന്നലെ രാത്രി ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇതിനിടെ ഒരാൾ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. വിപുലമായ അന്വേഷണത്തിനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.