20 December, 2021 07:34:47 AM
സുധീഷ് വധം: മുഖ്യപ്രതി രാജേഷ് പിടിയിൽ; പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. സുധീഷ് വധത്തിൽ ഇതോടെ 11 പ്രതികളും പിടിയിലായി. വധക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് രാജേഷ്. കേസിലെപ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ അന്ന് തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജങ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞതും. പോത്തൻകോട് എസ്എച്ച്ഒ കെ ശ്യാം, എസ്ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
ഉണ്ണി, മൂന്നാം പ്രതി ശ്യാം എന്നിവരെ വെമ്പായം ചാത്തമ്പാട് വച്ചാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ് ശേഷം തിരിച്ചെത്തിയപ്പോഴാണ് പ്രതികള്‍ പൊലീസ് വലയിലായത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്‍റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നില്‍. രാജേഷിനെ പിടികൂടാൻ പോയപോൾ വള്ളം മറിഞ്ഞ് ഒരു പൊലീസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു