13 December, 2021 09:08:45 AM


സുധീഷിനെ കൊന്നത് കഞ്ചാവ് വിൽപ്പന തർക്കത്തിൽ; സംഘത്തിൽ സഹോദരിഭർത്താവും



തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് പട്ടാപ്പകൽ യുവാവിന്‍റെ  കാല്‍ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുളള തർക്കം. കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് 'പ്രതികാരം' തീർക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ട്. 

കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ്പിടിയിലായ പ്രതികളുടെ മൊഴി. മുഖ്യപ്രതികളായ രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസില്‍ പത്തുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും പിടിയിലായിട്ടുണ്ട്. 

മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ആക്രമിച്ചത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു.

സുധീഷിന്‍റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ നാല് ദിവസം മുൻപ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നുവെന്നും അതിന് ശേഷം തിരിച്ച് പോയിരുന്നുവെന്നും ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നാണ് വീട്ടുമസ്ഥന്‍ സജീവ് പറഞ്ഞത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K