22 November, 2021 03:20:33 PM


തിരക്കിനിടെ ബ്ലൗസ് തിരിച്ച് ഇട്ടതാണോ? നടി ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ




മുംബൈ: ബോളിവുഡിലെ ആദിത്യ സീലും അനുഷ്‌ക രഞ്ജനും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള സംഗീത് പരിപാടി താര സമ്പന്നമായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ട്, വാണി കപൂര്‍, രവീണ ടണ്ടന്‍, ഭൂമി പേഡ്‌നേക്കര്‍, ഭാഗ്യശ്രീ, ക്രിസ്റ്റല്‍ ഡിസൂസ തുടങ്ങി നിരവധി പേര്‍ സംഗീതിനെത്തിയിരുന്നു. താരങ്ങളെല്ലാം ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷം പൊടിപൊടിക്കുകയും ചെയ്തു. എന്നാല്‍ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത് ആലിയ ഭട്ടാണ്. താരത്തിന്റെ വസ്ത്രമാണ് ചര്‍ച്ചാ വിഷയം.

ലെഹങ്ക-ചോളി ധരിച്ച് സംഗീതില്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ് ഇപ്പോള്‍. ഒരു വിഭാഗം ആരാധകര്‍ താരത്തിന്റെ ലുക്കിന് കയ്യടിക്കുമ്പോള്‍ മറ്റൊരു വിഭാഗം ആലിയയ്‌ക്കെതിരെ ട്രോളുകളുമായി രംഗത്ത് എത്തുകയാണ്. പരമ്പരാഗത വസ്ത്രത്തെ കൊന്നുവെന്നാണ് ചിലര്‍ പറയുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ദുരന്തമെന്നായിരുന്നു മറ്റൊരു കമന്റ്. ചിലര്‍ ബിഗ് ബോസ് താരം ഉര്‍ഫി ജാവേദുമായും ആലിയയെ താരതമ്യം ചെയ്തു. തന്റെ വ്യത്യസ്തവും ബോള്‍ഡുമായി വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാകാറുള്ള നടിയാണ് ഉര്‍ഫി. ആലിയയെ കണ്ടാല്‍ ഉര്‍ഫിയെ പോലെയുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഫാഷന്റെ പേരില്‍ എന്തുമാകാം എന്നാണോ? തിരക്കിടയില്‍ ബ്ലൗസ് തിരിച്ചിട്ട് പോയതാണോ? എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. അതേസമയം സംഗീതില്‍ ജലേബി ഭായ്, ലംബര്‍ഗിനി, തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം ചുവടുവെക്കുന്ന ആലിയയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സമാനമായ രീതിയില്‍ മുമ്പും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ആലിയ ഭട്ടിന്. വസ്ത്രം മുതല്‍ മെലിഞ്ഞതിന് വരെ ആലിയയ്ക്ക് വിമര്‍ശനങ്ങളും ട്രോളുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ആലിയ ഗൗനിക്കാറില്ല.

ബോളിവുഡിലെ മുന്‍നിര നായികയാണ് ആലിയ ഭട്ട്. തന്റെ പ്രതിഭ തെളിയിച്ച താരമായ ആലിയ പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ്. സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു ആലിയയുടെ അരങ്ങേറ്റം. ഹൈവേ, ഡിയര്‍ സിന്ദഗി, റാസി തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയ ആലിയയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ ഗംഗുബായ് കത്തിയാവാഡിയാണ്. രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെ തെലുങ്ക് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് ആലിയ. കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയും അണിയറയിലുണ്ട്. അതേസമയം ആലിയയും രണ്‍ബീറും ഉടനെ വിവാഹിതരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ വിവാഹമുണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത് അടുത്ത വര്‍ഷമായിരിക്കും താരവിവാഹം എന്നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K