19 November, 2021 05:32:10 PM


'ടിങ്കുപ​ട'യുടെ വിളയാട്ടം: കല്യാണ വീട്ടിൽ പൊരിഞ്ഞ അടി; ആറ് പൊലീസുകാർക്ക് പരിക്ക്



കോഴിക്കോട്: ക്വട്ടേഷൻ തലവന്‍റെ അതിസാഹസികമായി പിടികൂടിയതിനിടെ പരിക്കേറ്റത് ആറ് പൊലീസുകാർക്ക്.  കോഴിക്കോട് കട്ടാങ്ങല്‍ ഏരിമലയില്‍ കുപ്രസിദ്ധ ക്വട്ടേഷൻ തലവനും പിടികിട്ടാപുള്ളിയും കഞ്ചാവ് കച്ചവടെ ഉള്‍പ്പടെ അനവധി കേസുകളിലെ പ്രതിയുമായ കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) വിനെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ്  കമ്മീഷണർ കെ. സുദർശന്‍റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും സ്ക്വാഡും ചേർന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.


രണ്ട് തവണ പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ടിങ്കുവിനായി ജില്ലയിലാകെ പൊലീസ് വല വിരിച്ചിരുന്നു. കട്ടാങ്ങല്‍ ഏരിമലയില്‍ ഒരു കല്യാണ വീട്ടിൽ ഇയാൾ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് പിടികൂടാനായി പദ്ധതികൾ മെനഞ്ഞു. അങ്ങനെ കല്യാണ വീടിന് സമീപത്ത് വച്ചാണ് പൊലീസിന് ഷിജുവിനെ കയ്യിൽ കിട്ടുന്നത്. എന്നാൽ, അടുത്തുള്ള വയലിലേക്ക് ചാടി ഇയാൾ രക്ഷപെടാൻ ശ്രമിച്ചു. പിന്നാലെയെത്തിയ പൊലീസ് അതിസാഹസികമായി ടിങ്കുവിനെ പൂട്ടുകയായിരുന്നു. തുടർന്ന് ജീപ്പിലേക്ക് കയറ്റാൻ ഒരുങ്ങുന്നതിനിടെ ടിങ്കുവിന്‍റെ സഹോദരനും സുഹൃത്തുക്കളും പൊലീസിനെ ആക്രമിക്കുകയും ആറോളം പൊലീസുകാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. 


കൂടുതൽ പൊലീസ് എത്തിയാണ് ഷിജുവിനെ വാഹനത്തിൽ കയറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ, ഇവിടെയും ടിങ്കു തന്‍റെ വിളയാട്ടം തുടർന്നു. ലോക്കപ്പിന്‍റെ ഗ്രിൽ തല കൊണ്ട് ഇടിച്ചു തകർക്കാൻ ശ്രമിച്ചതോടെ പുറത്തിറക്കിയ ടിങ്കു സ്റ്റേഷന് പുറത്തേക്ക് ഓടി. റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്‍റെ ചില്ല് തല കൊണ്ട് കുത്തി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കാറിന്‍റെ മുകളിൽ കയറി നിന്ന പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് ഒരുവിധമാണ് പിടികൂടിയത്. 


കഴിഞ്ഞ ജൂൺ ഒന്നിന് ഉച്ചയ്ക്ക്  ചേവായൂരിലെ പ്രസന്‍റേഷൻ സ്കൂളിന് സമീപത്തുള്ള വീട്ടിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിച്ച ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന ഒൻപതര പവൻ സ്വർണ്ണാഭരണം കവർച്ച നടത്തിയ കേസിലും ഫെബ്രുവരിയിൽ മെഡിക്കൽ കോളേജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ട് യുവതികളുടേതടക്കം ഏകദേശം 13 പവൻ സ്വർണ്ണാഭരണങ്ങൾ ഊരി വാങ്ങുകയും അലമാരയിൽ സൂക്ഷിച്ച മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്‍റെ ആധാരവും എടിഎം കാർഡും പാൻകാർഡും ആധാർ കാർഡും പാസ്പോർട്ടും മറ്റും കവർന്നെടുക്കുകയും ചെയ്ത സംഭവങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജു എന്ന ടിങ്കു അറസ്റ്റിലായത്.


2016 ൽ ഫറോക്ക് പൊലീസ് പത്ത് കിലോഗ്രാം കഞ്ചാവുമായും 2018ൽ അഞ്ച് കിലോയോളം കഞ്ചാവുമായി  കുന്ദമംഗലം പൊലീസും ഇയാളെ പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും കവർച്ചാ കേസുകളും ഇയാളുടെ പേരിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K