25 October, 2021 01:38:57 PM
ലൈംഗികതൊഴിലിനു വിസമ്മതിച്ച 17കാരിയെ കൊന്നു; സഹോദരിമാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
റാഞ്ചി: ഏഴു മാസം മുമ്പ് കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഝാർഖണ്ഡിലെ സോനാര്‍ അണക്കെട്ടിന് സമീപത്തുനിന്ന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തു. സംഭവത്തിൽ സഹോദരിമാരായ രാഖി ദേവി(30), രൂപ ദേവി(25), സഹോദരിയുടെ ഭര്‍ത്താവ് ധനജ്ഞയ് അഗര്‍വാള്‍(30), സഹോദരിയുടെ കാമുകന്‍മാരായ പ്രതാപ് കുമാര്‍ സിങ്, നിതീഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
നിതീഷിനെ ഒഴികെ മറ്റെല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് പറയുന്നു. എന്നാല്‍17കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സഹോദരിമാരുടെ വാദം. അഞ്ചു സഹോദരിമാരില്‍ നാലാമത്തെയാളാണ് മരിച്ച പെണ്‍കുട്ടി. ഇവരുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു. മൂത്ത സഹോദരി രാഖിക്കൊപ്പം സുഡ്നയിലായിരുന്നു പെണ്‍കുട്ടിയുടെ താമസം.
ലൈംഗിക തൊഴിലാളിയാണ് രാഖി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. 'രാഖിയും ധനജ്ഞയും പെണ്‍കുട്ടിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചിരുന്നു. സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ അടുത്തേക്ക് നിരവധിപേരെ അയക്കുകയും ചെയ്തു. എങ്കിലും പെണ്‍കുട്ടി വഴങ്ങിയിരുന്നില്ല. പെണ്‍കുട്ടിക്ക് ഒരാളുമായി അടുപ്പമുണ്ടായിരുന്നു. അയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ രാഖി എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെ രാഖിയുടെ കാമുകന്‍മാരായ പ്രതാപും നിതീഷും പെണ്‍കുട്ടിയില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു' -പൊലീസ് പറഞ്ഞു.
രണ്ടു കാമുകന്‍മാരും രാഖിയുടെ വീട് സന്ദര്‍ശിക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. രാഖിയുടെ സഹായത്തോടെയാണ് ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് രണ്ടുദിവസം മുമ്ബ് പ്രതാപ് രാഖിയുടെ വീട്ടിലെത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചപ്പോലെ പ്രതാപ് രാഖി വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതാപ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഇതിനിടെ 17കാരിയെ കൊലപ്പെടുത്തുകയും കെട്ടിത്തൂക്കുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം രാഖി രൂപയെയും ധനജ്ഞയ്യെയും വിളിച്ചുവരുത്തി. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം ധനജ്ഞയ്യുടെ ഓട്ടോറിക്ഷയില്‍ കയറ്റി അഞ്ചുപേരുംചേര്‍ന്ന് അണക്കെട്ടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റുകയും മറ്റു തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.