13 October, 2021 11:37:20 AM
ഉത്ര വധക്കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം
കൊല്ലം: കേരളമനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ജീവപര്യന്തം വിധിച്ചത്. ഇരട്ട ജീവപര്യന്തത്തിനു പുറമേ 17 വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. മറ്റു കേസുകളിലാണ് 17 വർഷത്തെ തടവ്. ഇതിനുശേഷമാണ് ജീവപര്യന്തം ആരംഭിക്കുക. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി പ്രോസിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.
പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ സൂരജിന്റെ പ്രായം പരിഗണിച്ചാണ് പരാമവധി ശിക്ഷയിൽനിന്നും ഒഴിവാക്കിയത്. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചൽ ഏറം സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻപാന്പിന്റെ കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
പാന്പ് പിടിത്തക്കാരനായ സുരേഷിന്റെ കൈയിൽനിന്നാണ് സൂരജ് മൂർഖനെ വാങ്ങിയത്. ഇതിനു മുൻപ് അടൂർ പറക്കോട്ടുള്ള സൂരജീന്റെ വീട്ടിൽ അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. 2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് പോലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ്പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു കണ്ടെത്തിയത്.
മേയ് 23ന് സൂരജിനെയും സുരേഷിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ജൂലൈ 14ന് നടത്തിയ തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തി. 2020 ജൂലൈ 18 ന് ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ മൂർഖന്റെ വിഷത്തോടൊപ്പം മയക്കുഗുളികയുടെ സാന്നിധ്യവും കണ്ടെത്തിയത് കേസിൽ നിർണായകമായി. സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണു കേസിലുള്ളത്.